100 ദിനം നിർത്താതെ ചുമ: പതിയിരിക്കുന്നത് ‘മിസ്റ്ററി വൈറസ്? ആശങ്കയിലേക്ക് വൈറ്റ് ലങ് സിൻഡ്രോമും
കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ. അതും ഒന്നോ രണ്ടോ ദിവസമല്ല, ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം. കോവിഡ് പരിശോധന നടത്തിയാലാകട്ടെ ഫലം നെഗറ്റിവ്! വേനൽക്കാലത്ത് ഇത്തരം ശ്വാസകോശ പ്രശ്നങ്ങൾ വർധിക്കുന്നതിനു പിന്നിൽ അജ്ഞാത വൈറസാണോ, ഏതെങ്കിലും പകർച്ചവ്യാധിയാണോ
എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ശ്വാസകോശ രോഗാണുബാധയുടെ പേരിൽ കേരളം ആശങ്കപ്പെടേണ്ടതുണ്ടോ? കുട്ടികൾക്ക് കൂടുതൽ കരുതൽ വേണോ? മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.