തെലങ്കാനയില്‍ പത്താമത്തെ ബിആര്‍എസ് എംഎല്‍എയും കോണ്‍ഗ്രസിലേക്ക്
തെലങ്കാന: തെലങ്കാനയില്‍ പത്താമത്തെ ബിആര്‍എസ് എംഎല്‍എയും കോണ്‍ഗ്രസിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യൻ മുന്നണിയ്ക്ക് ഉണ്ടായ മുന്നേറ്റം പ്രതിപക്ഷ പോരാട്ടങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പുതുതായി ഒട്ടേറെ പേർ കോൺഗ്രസിന്റെ ഭാഗമാകുന്നുണ്ട്. തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള എംഎല്‍എമാരുടെ ഒഴുക്ക് തുടരുന്നു.
പടന്‍ചേരു എംഎല്‍എ ഗുഡെം മഹിപാല്‍ റെഡ്ഡി ഇന്നലെ ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുന്ന പത്താമത്തെ എംഎല്‍എയാണ് ഗുഡെം മഹിപാല്‍ റെഡ്ഡി. ഇതോടെ തെലങ്കാന ബിആര്‍എസിനുള്ളിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാഹിറാബാദില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിആര്‍എസ് നേതാവ് ഗാലി അനില്‍ കുമാറും എംഎല്‍എ മഹിപാലിനൊപ്പം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും കോൺഗ്രസിനും പ്രതിപക്ഷ നേതാക്കൾക്കുമുള്ള പിന്തുണയും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.