ഒലിവിലയുമായി വെള്ളരിപ്രാവുകൾ, ഹാമസ് 13 ബന്ദികളെ മോചിപ്പിച്ചു
ടെൽ അവീവ്‍: മരണ മുഖത്തു നിന്ന് അവർ മടങ്ങി, ആശ്വാസ തീരത്തേക്ക്. വെടിനിർത്തൽ കരാർ പ്രകാരം ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേൽ ബന്ദികളെ ഈജിപ്തിന് കൈമാറി. ഒന്നര മാസം പിന്നിട്ട ഇസ്രയേൽ സംഘർഷത്തിലെ ആദ്യ സമാധാന ദൗത്യമാണു വിജയം കണ്ടത്. ഇവർ ഇസ്രയേലിലെത്തിയാലുടൻ 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും
സമാധാന കരാറിൽ ഇല്ലാതിരുന്ന 12 തായ്‌ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്‌ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിൻറെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് തെല്ല് അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയും ഇന്നു തന്നെ മോചിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികൾ രാജ്യത്ത് എത്തിയാലുടൻ പലസ്തീനി ബന്ദികളെ മോചിപ്പിക്കും. ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറി. റെഡ്ക്രോസ് അംഗങ്ങൾ ബന്ദികളെ റഫ അതിർത്തിയിൽ വ്യോമമാർഗം എത്തിക്കും. തുടർന്ന് ഇസ്രയേൽ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റും.
നാല് ദിവസമായി 150 പലസ്തീൻകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക. പകരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരിൽ 30 പേർ കുട്ടികളും 20 പേർ സ്ത്രീകളുമാണ്. നാല് ദിവസത്തെ സമാധാന കരാറാണ് പ്രാബല്യത്തിൽ വന്നത്. ഇത് നീട്ടാൻ കഴിയുമോ എന്ന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നുണ്ട്.