20 ദിവസത്തെ നിരന്തരമായ ഛര്‍ദ്ദിയും വയറുവേദനയും ; 26 കാരന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തങ്ങളും
ന്യൂഡല്‍ഹി: നിരന്തരമായ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ കുടലില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 39 നാണയങ്ങളും 37 കാന്തങ്ങളും കണ്ടെത്തി.വയറ്റില്‍ നിന്ന് 39 നാണയങ്ങളും (1, 2, 5 രൂപ) 37 കാന്തങ്ങളും (ഹൃദയം, ഗോളാകൃതി, നക്ഷത്രം, ബുള്ളറ്റ്, ത്രികോണം എന്നിവയുടെ ആകൃതി) കണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ബോഡി ബില്‍ഡിംഗില്‍ കമ്ബം കയറിയ യുവാവ് നാണയത്തിലെ സിങ്ക് മസില്‍ വളരാന്‍ സഹായിക്കുമെന്ന് കരുതി വിഴുങ്ങിയ നാണയങ്ങളും കാന്തങ്ങളുമാണ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം രോഗി രക്ഷപ്പെട്ടു. 20 ദിവസത്തിലേറെയായി തുടര്‍ച്ചയായി ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുര്‍ന്നാണ് 26 കാരനായ ചികിത്സ തേടി ആശുപത്രിയില്‍ വന്നത്. അതെസമയം രോഗിക്ക് ആഹാരം പോലും കഴിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്തു കഴിച്ചാലും ഛർദിയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നാണയങ്ങളും കാന്തങ്ങളും കഴിച്ചുവെന്ന് രോഗിയുടെ ബന്ധുക്കള്‍ വ്യക്‌തമാക്കി. മാനസിക രോഗത്തിന് ചികിത്സയും നല്‍കിയിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് നാണയങ്ങളും കാന്തങ്ങളും കണ്ടെത്തിയത് .
രോഗിയെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി . ശസ്ത്രക്രിയയില്‍ കാന്തങ്ങളും നാണയങ്ങളും ചെറുകുടലില്‍ രണ്ട് വ്യത്യസ്ത ലൂപ്പുകളിലായി ഉണ്ടെന്ന് കണ്ടെത്തി.
സിങ്ക് ബോഡി ബില്‍ഡിംഗില്‍ സഹായിക്കുമെന്ന് കരുതിയാണ് നാണയങ്ങളും കാന്തങ്ങളും അകത്താക്കിയതെന്ന് യുവാവ് പറഞ്ഞു. നാണയങ്ങളില്‍ അടങ്ങിയിട്ടുള്ള സിങ്ക് ശരീരത്തിന് ഗുണമാകുമെന്ന് കരുതി. എന്നാല്‍ നാണയങ്ങള്‍ കുടലില്‍ തങ്ങിക്കിടക്കുകയായിരുന്നു.