2004 ന്റെ പേടിയുമായ് ബിജെപി
'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ഓര്‍മയില്ലേ? 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാജ്‌പേയ് സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിനായ് അഞ്ഞൂറോ കോടി രൂപ ചെലവഴിച്ച് ബിജെപി ഇറക്കിയ പ്രചാരണ വാക്യമായിരുന്നു അത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇന്ത്യ ഷൈനിങ്, ബിജെപി ഷെയിം ആയി തീര്‍ന്നു. ഇപ്പോള്‍ മോദി തിളക്കത്തിന് കോപ്പുകൂട്ടുന്ന ബിജെപി 2004 ലെ തിരിച്ചടിയാണ് രൂപപ്പെടുത്തിവരുന്നത്. ഇത്തവണ 2500 കോടി രൂപ പ്രചാരണത്തിന് മാത്രം ഉപയോഗിക്കുന്നു.
കഴിഞ്ഞ ആറുമാസക്കാലമായി പ്രധാനമന്ത്രി ഔദ്യോഗിക സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് തലങ്ങും വിലങ്ങും പറക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തന ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി അവകാശവാദവും ആഗ്രഹവും ബിജെപി സ്വയം അവസാനിപ്പിച്ചിരിക്കയാണ്. 400 സീറ്റുവരെ ലഭിക്കുമെന്നുള്ള അവകാശവാദം ഇപ്പോള്‍ കേവല ഭൂരിപക്ഷത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കയാണ്. വിജയം അത്ര എളുപ്പമല്ലായെന്ന് ബോധ്യമായപ്പോള്‍ ബിജെപി അടവുകള്‍ മാറ്റുകയാണ്. പണം ചാക്കുകെട്ടുകളിലായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ റെയ്ഡും അറസ്റ്റും വ്യാപകമായിരിക്കുന്നു.
ദക്ഷിണേന്ത്യയിലാണ് ബിജെപിക്ക് ഏറ്റവും കനത്ത തിരിച്ചടി നേരിടേണ്ടി വരിക. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, കേരളം, പുതുച്ചേരി സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണേന്ത്യയില്‍ മൊത്തം 116 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ 29 സീറ്റുകള്‍ നേടിയ തെക്കെ ഇന്ത്യയില്‍ വളരെ ക്ഷീണിച്ച ആരോഗ്യസ്ഥിതിയാണുള്ളത്. കര്‍ണാടകയില്‍ നിന്ന് നേടിയ 25 സീറ്റിന്റെ മുന്‍തൂക്കം ഇത്തവണ പകുതിയായി കുറയും. രണ്ടക്ക സീറ്റുകള്‍ ബിജെപി നേടുമെന്നുള്ള അവകാശവാദം തുറക്കാത്ത അക്കൗണ്ട് പോലെതന്നെയായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ല.
131 സീറ്റുകളുള്ള വടക്കന്‍ സംസ്ഥാനങ്ങളായ യുപി, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കയറ്റമല്ല, ഇറക്കമാണ് ബിജെപിയെ പ്രതീക്ഷിച്ചിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെയും സിഖ് വിരുദ്ധ നിലപാടുകളുടെയും ഗുസ്തി താരങ്ങളോട് സ്വീകരിച്ച ഹീനമായ നടപടിയും വടക്കേ ഇന്ത്യ മുഴുവന്‍ അലയടിക്കുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 134 സീറ്റുകളാണുള്ളത്. ബീഹാറില്‍പോലും പ്രതീക്ഷയില്ലാത്തവിധം ക്ഷീണമാണ് ബിജെപിയെ ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പശ്ചിമതീരത്തെ സ്ഥിതി ബിജെപിയെ അനുഗ്രഹിച്ചേക്കാം.
മഹാരാഷ്ട്രയില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും എന്‍സിപി യെയും ശിവസേനയെയും പിളര്‍ത്തിക്കൊണ്ടാണ് ബിജെപി നിലഭദ്രമാക്കിയത്. മധ്യ ഇന്ത്യയിലെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താന്‍ ബിജെപി ഏറെ പ്രയത്‌നിക്കേണ്ടിവരും. മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്നിലായിരിക്കും ബിജെപി യുടെ സ്ഥാനം.
ബിജെപി അജണ്ടകളില്‍ മുഖ്യസ്ഥാനം നേടിയ രാമക്ഷേത്ര നിര്‍മാണവും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമ ഭേദഗതിയുമെല്ലാം ബിജെപി പ്രതീക്ഷിച്ച ചലനം ജനങ്ങളില്‍ സൃഷ്ടിച്ചിട്ടില്ല. കര്‍ഷക നിയമങ്ങളും തൊഴില്‍ നിയമങ്ങളും വിലക്കയറ്റവും അഴിമതിയുമാണ് സര്‍ക്കാരിനെ വിലയിരുത്താന്‍ ജനങ്ങള്‍ മാനദണ്ഡമാക്കുന്നത്.
2019 ല്‍ മോദി സര്‍ക്കാര്‍ നേരിട്ടതിനേക്കാള്‍ കടുത്ത ഭീഷണിയാണ് ഇത്തവണ ബിജെപി നേരിടുന്നത്. തോല്‍ക്കുമെന്നുറപ്പായാല്‍ ഏത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടത്തി ജയിക്കാന്‍ ബിജെപി ശ്രമിക്കും. തോല്‍ക്കുന്നവന്റെ അവസാനത്തെ രക്ഷാമാര്‍ഗം കച്ചിത്തുമ്പായിരിക്കും. അതില്‍ പിടിച്ച് തൂങ്ങാനും അവര്‍ ശ്രമിക്കും. പതിമൂന്ന് ദിവസങ്ങളും പതിമൂന്ന് മാസങ്ങളും അഞ്ചുവര്‍ഷവും അധികാരത്തിലിരുന്ന വാജ്‌പേയ് സര്‍ക്കാരിനേക്കാള്‍ വിരൂപമായ മോദി സര്‍ക്കാര്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത് ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ, രാജ്യത്തിനകത്തും പുറത്തും കുപ്രസിദ്ധമായ പദവിയിലാണ്.