ഇന്ത്യ 240 ഓൾ ഔട്ട്, ബാറ്റിംഗ് തകർച്ച നിരാശപ്പെടുത്തി
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ; ഇന്ത്യ, 240(50) റൺസിന് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് ഒരറ്റത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ കത്തിക്കയറിയപ്പോൾ നാലോവറിൽ സ്കോർ മുപ്പതിലെത്തി.
താളം കണ്ടെത്താൻ വിഷമിച്ച ശുഭ്മാൻ ഗില്ലിനെ പുറത്താക്കി മിച്ചൽ സ്റ്റാർക് ആദ്യ പ്രഹരം ഏല്പിച്ചു.
വിരാട് കോലി എത്തിയതോടെ രോഹിത് ശർമ്മ ടോപ്പ് ഗിയറിലായി. 6.3 ഓവറിൽ ഇന്ത്യൻ സ്കോർ 50 കടന്നു.
മാക്സ് വെല്ലിൻ്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് 47 ( 31) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് രോഹിത് 47 റൺസെടുത്തത്.
തുടർന്നെത്തിയ ശ്രയസ് അയ്യർ പെട്ടെന്ന് മടങ്ങി. തുടർന്ന് ഒന്നിച്ച കോലി രാഹുൽ സഖ്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 15.4 ഓവറിൽ ടീം സ്കോർ 100 കടന്നു.
അർധ സെഞ്ച്വറി തികച്ചയുടൻ വിരാട് കോലി 54 (63) പുറത്തായി. ജഡേജയ്ക്കും 9 (22) കാര്യമായി ഒന്നും ചെയ്യാനായില്ല.
അർധ സെഞ്ച്വറി തികച്ച രാഹുലിലായിരുന്നു പിന്നീട് ഇന്ത്യൻ പ്രതീക്ഷകളെങ്കിലും ഓസീസ് വിട്ടുകൊടുത്തില്ല. 66 റൺസിൽ രാഹുൽ പുറത്ത്. സൂര്യകുമാർ യാദവ് പിന്നേയും നിരാശപ്പെടുത്തി 18 (28).
വാലറ്റക്കാർ നടത്തിയ ചെറിയ ചെറുത്തു നില്പാണ് സ്കോർ 240 ൽ എത്തിച്ചത്.
ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക് മൂന്നും, പാറ്റ് കമ്മിൺസ്, ജോഷ് ഹെയ്സൽ വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.