അദാനിക്കെതിരായ കോടികളുടെ കൈക്കൂലി അഴിമതി; നടപടിയെടുക്കുമെന്ന് എൻ.ചന്ദ്രബാബു നായിഡു
ഹൈദരാബാദ് : അദാനി ഗ്രൂപ്പും മുൻ വൈ.എസ്.ആർ.സി.പി സർക്കാരും ഉള്‍പ്പെട്ട കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ സമർപ്പിച്ച കുറ്റപത്രം സംസ്ഥാന സർക്കാരിന്‍റെ പക്കലുണ്ടെന്നും അത് പഠിച്ച് നടപടിയെടുക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സോളാർ പവർ കരാറുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്ന വ്യവസ്ഥകള്‍ക്ക് പകരമായി 250 മില്യണ്‍ ഡോളർ കൈക്കൂലി നല്‍കിയെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.'എല്ലാ റിപ്പോർട്ടുകളും അമേരിക്ക സമർപ്പിച്ചിട്ടുണ്ട്. അത് പബ്ലിക് ഡൊമൈനിലുണ്ട്. ആരോപണങ്ങളും കുറ്റപത്രവും പഠിക്കും. അതിന്മേല്‍ നടപടിയെടുത്ത് നിങ്ങളെ അറിയിക്കുകയും ചെയ്യും -നായിഡു ഉറപ്പു നല്‍കി. അദാനി ഗ്രൂപ്പില്‍നിന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന അമേരിക്കൻ അവകാശവാദത്തില്‍ മുൻ വൈ.എസ്.ആർ.സി.പി ഭരണവും ആരോപണവിധേയമായിരുന്നു. തന്‍റെ സർക്കാർ ഈ ആരോപണങ്ങള്‍ പഠിച്ച് നടപടിയെടുക്കുമെന്ന് നിയമസഭയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി നായിഡു പറഞ്ഞു.