ബൂം…ബൂം.. ബുമ്ര; ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ച് വരവുമായി ഇന്ത്യ
പെർത്ത് : ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ചുവരവുമായി ടീം ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയില്‍ വീണെങ്കിലും കങ്കാരുക്കള്‍ക്ക് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുകയാണ്.പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റന്സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായെങ്കിലും ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുമ്രയാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ആറ് മെയ്ഡൻ ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ് ഒമ്പത് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.ഓസ്‌ട്രേലിയൻ നിരയില്‍ മൂന്നു പേർക്കു മാത്രമാണ് ഇരട്ടയക്കം കാണാൻ കഴിഞ്ഞത്. ടോപ് സ്‌കോററായ വിക്കറ്റ് കീപ്പർ അലക്‌സ് കാരി പുറത്താവാതെ 19 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്(11), നഥാൻ മക്‌സ്വീനി(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ഉസ്മാൻ ഖവാജ(8), മാർനസ് ലബുഷെയൻ(2), സ്റ്റീവ് സ്മിത്ത്(0), മിച്ചല്‍ മാർഷ്(6), പാറ്റ് കമ്മിൻസ്(3), എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 52 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത ലബുഷെയ്‌ന്റെ വിക്കറ്റ് സിറാജാണ് വീഴ്ത്തിയത്. കാരിക്കു കൂട്ടായി ആറു റണ്‍സോടെ മിച്ചല്‍ സ്റ്റാർക്ക് ക്രീസിലുണ്ട്.
ഇന്ത്യൻ ബാറ്റിങ് നിരയില്‍ ഋഷഭ് പന്തും കെ.എല്‍. രാഹുലും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഢിയാണ് ടോപ് സ്‌കോറർ. പന്ത് 37 റണ്‍സിനും രാഹുല്‍ 26 റണ്‍സിനും പുറത്തായി. ഇവർക്ക് പുറമെ ധ്രുവ് ജുറലിനു(11) മാത്രമാണ് രണ്ടക്കം കടക്കാനായത്യശസ്വി ജയ്‌സ്‌വാളും ദേവദത്ത് പടിക്കലും പൂജ്യത്തിനു പുറത്തായി. വിരാട് കോഹ്ലിക്ക് 12 പന്തില്‍ അഞ്ച് റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 13 ഓവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യയുടെ നടുവൊടിച്ചത്. നിതീഷിന്റെയും പന്തിന്റെയും വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദർ (4), ഹർഷിത് റാണ (7), ബുമ്ര (8) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം.