'ധാര്‍മികത എന്ന വാക്കിനോട് സിപിഎം വിട പറഞ്ഞു'; മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കെ മുരളീധരൻ
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാൻ രാജി വെക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കോടതി തന്നെ പറഞ്ഞു അതുകൊണ്ടു തന്നെ ഇന്നല്ലെങ്കിൽ നാളെ സജിചെറിയാന് രാജിവെയ്‌ക്കേണ്ടതായി വരുമെന്നും ധാര്‍മികത എന്ന വാക്കിനോട് സിപിഎം വിടപറഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു. 2022നേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. രാജി വെച്ചാൽ മാന്യമായി പോകാമെന്നും ഇല്ലെങ്കിൽ നാണം കെടുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അന്നേ സജി ചെറിയാനോട് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു കയറാൻ ആരും പറഞ്ഞില്ലായെന്നും മന്ത്രിക്കും താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥനെ കുറിച്ച് എങ്ങനെ അന്വേഷിക്കുമെന്നും മുരളീധരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആലോചിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.