സി-ടെറ്റില്‍ ആള്‍മാറാട്ടം നടത്തിയ 31 പേര്‍ ബിഹാറില്‍ കസ്റ്റഡിയില്‍
പട്‌ന: ഈ മാസം ഏഴിന് നടന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സി-ടെറ്റില്‍ ആള്‍മാറാട്ടം നടത്തിയ 31 പേര്‍ ബിഹാറില്‍ കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് വീണ്ടും അറസ്റ്റുണ്ടായത്. ആറ് ജില്ലകളില്‍നിന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ അഞ്ച് യുവതികളുമുണ്ട്.
ആള്‍മാറാട്ടം നടത്താന്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിപ്പുസംഘം 25,000 മുതല്‍ 50,000 രൂപ വരെ വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. ഉദ്യോഗാര്‍ഥികളുടെ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ഉപയോഗിച്ചാണ് ഇവര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ വിരലടയാള പരിശോധനയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. ബിഹാറിലെ പ്രാദേശിക തട്ടിപ്പു സംഘത്തെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പട്‌ന, ദര്‍ഭംഗ, സരണ്‍, ഗോപാല്‍ഗഞ്ച്, ഗയ, ബെഗുസരായി എന്നിവിടങ്ങളില്‍ ആള്‍മാറാട്ടം നടന്നു.
പരീക്ഷാ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും. അതേസമയം നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ലാത്തൂരില്‍നിന്ന് സി.ബി.ഐയാണ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടിയത്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.