For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കഴിഞ്ഞ അഞ്ചു വർഷം, കാണാമറയത്ത് 60 കുട്ടികൾ

08:11 AM Dec 04, 2023 IST | Rajasekharan C P
കഴിഞ്ഞ അഞ്ചു വർഷം  കാണാമറയത്ത് 60 കുട്ടികൾ
Advertisement

ഓയൂരിലെ കുട്ടിയെ റാഞ്ചിയ നാടകപരമ്പര സുഖപര്യവസായിയായി. തട്ടിക്കൊണ്ടു പോയവർ മണ്ടന്മരായതുകൊണ്ടാണ് അവരെ പെട്ടെന്നു പിടികൂടാൻ കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്. ബാധ്യതകളെക്കാൾ കൂടിയ ആസ്തി ഉണ്ടാവുകയും ചെറിയ തുക മറിച്ചു കൊടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോവുകയും ചെയ്ത പദ്മകുമാർ എന്ന മധ്യവയസ്കന്റെ പരാജയമാണ് ഈ നാടകത്തിന് ഹാസരസം പകരുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയ, നന്നായി ഇംഗ്ലീഷ്സംസാരിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഭാവി ഇരുളടയുന്നതാണ് നാടകത്തിലെ ശോകം. വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ഭർത്താവിനെ നിരന്തരം ഉപദേശിച്ച ഭാര്യ അനിതകുമാരിയാണു വില്ലത്തി. കഥയിലെ റിയൽ ഹീറോ ഒൻപതുവയസുകാരനായ ജോനാഥനും.
ഈ നാടകത്തിൽ പൊലീസിന്റെ റോൾ വെറും പ്രേക്ഷകന്റേതു മാത്രമാണ്. അഞ്ചു ദിവസം കൊണ്ട് പ്രതിയെ കണ്ടെത്തി എന്ന് അവർ വീമ്പു പറയുന്നതാണ്. പ്രതികളെ പിടികൂടിയത് നാട്ടുകാരും ഇരകളാക്കപ്പെട്ട കുട്ടിയും മാധ്യമങ്ങളുമായിരുന്നു എന്ന് എഡിജിപി എം.ആർ. അജിത് കുമാർ തന്നെ സമ്മതിക്കുന്നു.
പുരാതന പ്രസിദ്ധവും പൊലീസിന്റെ ഹൈ ടെക് നിരീക്ഷണവുമുള്ള കൊല്ലം നഗരത്തിൽ പ്രതികളെത്തി കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയും ഒന്നിലേറെ തവണ ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്ത പ്രതികളുടെ പൊടി പോലും പൊലീസിനു കിട്ടിയില്ല. തുടക്കം മുതൽ കുട്ടി പറഞ്ഞ നീല കാർ പല തവണ കൊല്ലത്തും പിന്നീട് ക്യുഎസ് റോഡ് വഴി കേരളത്തിന്റെ അതിർത്തി വിട്ടപ്പോഴും കേരള പോലീസ് നാട്ടുകാരുടെ കാറും ഓട്ടോറിക്ഷകളും തടഞ്ഞു നിർത്തി പരിശോധിക്കുന്ന തിരക്കിലായിരുന്നു.  അപ്പോഴും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്താനായില്ല അതിലെ ഡ്രൈവർമാർ അങ്ങോട്ടു ചെന്നു കണ്ട് പ്രതികളെക്കുറിച്ചു സൂചന നല്കുകയായിരുന്നു. കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ കൊണ്ട് ഒരുപയോഗവുമില്ലെന്നും ജനങ്ങൾക്കു ബോധ്യമായി.
കുട്ടിയെ കണ്ടുപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അവളെ സുരക്ഷിതയായി കിട്ടിയത് പ്രതികളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. എന്നാൽ പ്രതികളെ പിടികൂടിയതു നേരത്തേ പറഞ്ഞ കാരണങ്ങൾ കൊണ്ടും.
 സംഭവം നടന്ന് 15മിനിറ്റിനകം വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ചലച്ചിത്ര പ്രവർത്തകരടക്കം ഇതു ഷെയർ ചെയ്തതോ‌ടെ മാധ്യമങ്ങൾ ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അതിനു വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇതു പ്രതികളുട തുടർനടപടികൾക്കു തടസമായി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നതോടെ കുട്ടിയെ ഒപ്പം നിർത്തുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. അല്ലാതെ പൊലീസിന്റെ മിടുക്കുകൊണ്ടല്ല.
കുട്ടികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് തയാറാക്കിയ രേഖാ ചിത്രങ്ങളും അഞ്ചു ലക്ഷം രുപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രതികളിലൊരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച ശബ്ദം ടിവിയിൽ കേട്ട കണ്ണനല്ലൂർ സ്വദേശിയായ ഒരാൾ പൊലീസിനു നൽകിയ രഹസ്യ വിവരെത്തുടർന്നാണ് പൊലീസ് ചാത്തന്നൂരിലെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ചും അറസ്റ്റിനെ കുറിച്ചും എഡിജിപി നടത്തിയ വിശദീകരണങ്ങളിലും നിരവധി സംശയങ്ങളുണ്ട്.
ഏതായാലും കുട്ടിയെ കണ്ടു കിട്ടിയതിൽ വീരവാദം മുഴക്കുന്ന കേരള പൊലീസും ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും ഉത്തരം നൽകേണ്ട വേറൊരു ചോദ്യം കൂടി ബാക്കിയുണ്ട്. കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കിടെ കാണാതായ ആയിരത്തോളം കുട്ടികളിൽ 60 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അവരെവിടെ എന്നു പൊലീസ് പറയണം. പക്ഷേ, ആറു കേസുകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ് പൊലീസ്. ഓയൂരിലെ കുട്ടിക്കു കിട്ടിയ മാധ്യമ ശ്രദ്ധയോ പൊതു‍ജനങ്ങളുടെ ശക്തമായ പിന്തുണയോ കിട്ടാതിരുന്നതാണ് ഈ തിരോധാനങ്ങളുടെ ചുരുളഴിയാത്തതിനു കാരണം.
സംസ്ഥാനത്ത് ഈ വർഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ.  ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേർ. തൊട്ട് പിന്നിൽ പാലക്കാടാണ്- 14 പേർ. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയിൽ ഏഴും വയനാട്ടിലും കാസർകോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി പൊലീസ് രേഖകളിലുണ്ട്. മറ്റ് ജില്ലകളിൽ  ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ൽ 200, 2021ൽ 257, 2022ൽ 269 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം ഇതു വരെ 115 കുട്ടികളെയും കാണാതായി. കുട്ടികളും വലിയവരും അടക്കം ഈ വർഷം 9,882 കാണാതായ കേസുകളാണ് പോലീസിൽ റിപോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 8,742 ഉം 2021ൽ 9,713 ഉം 2022ൽ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താൻ കഴിയാത്തത്. ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പോലീസ് റിപോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്. 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ്  കൈകാര്യം ചെയ്ത നാളുകളിലായിരുന്നു ഇതെല്ലാം എന്നു കൂടി അദ്ദേഹത്തിന്റെ സൈബർ പോരാളികൾ ഓർക്കണം. എന്നിട്ടു മതി ഓയൂർ കേസിൽ ഊറ്റംകൊള്ളുന്നത്.

Advertisement

Author Image

Rajasekharan C P

View all posts

Advertisement

.