For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആവേശം വാനോളം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: നെഹ്‌റുട്രോഫി വള്ളംകളി നാളെ

10:26 AM Sep 27, 2024 IST | Online Desk
ആവേശം വാനോളം  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  നെഹ്‌റുട്രോഫി വള്ളംകളി നാളെ
Advertisement

ആലപ്പുഴ: 70-ാമത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:നെഹ്‌റുട്രോഫി വള്ളംകളി നാളെനെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 28ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും.ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എം പിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കളക്ടര്‍ അലക്സ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. നിരവധി സ്‌പോണ്‍സര്‍മാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്.

Advertisement

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3,ഇരുട്ടുകുത്തി എ ഗ്രേഡ്-4,ഇരുട്ടുകുത്തി ബി ഗ്രേഡ്-16,ഇരുട്ടുകുത്തി സി ഗ്രേഡ്-14,വെപ്പ് എ ഗ്രേഡ്-7,വെപ്പ് ബി ഗ്രേഡ്-4,തെക്കനോടി തറ-3,തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ 11 ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും.

വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സരസമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്‌മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. ടൂറിസിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡിടിപിസി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡിടിപിസി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.