സുഗന്ധിഗിരിയിൽ നിന്ന് മുറിച്ച് കടത്തിയത് 71 മരങ്ങൾ; ഒത്താശയ്ക്ക് കൂട്ടുനിന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ
കൽപ്പറ്റ: വനംവകുപ്പ് അറിയാതെ 71 മരങ്ങൾ വയനാട് സുഗന്ധിഗിരിയിൽ നിന്ന് മുറിച്ചു കടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. ഒരു വനംവാച്ചറുടെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനധികൃതമായി മുറിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. വീടുകൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ തടികൾ കടത്തിയത് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണെന്നാണ് ആരോപണം. സുഗന്ധഗിരി കാഡമം പ്രൊജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരം മുറി നടന്നത്.
റവന്യൂഭൂമിയുടെ പരിഗണനയാണ് നിലവിൽ ഭൂമി നൽകുന്നത്. പക്ഷേ, ഇതുവരെ ഡിനോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടില്ല. അതുകൊണ്ട് മരങ്ങളുടെ ഉടമസ്ഥത വനംവകുപ്പിനാണ്. ഇവിടെ പുരയിടങ്ങൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാൻ വനംവകുപ്പ് ഇളവ് നൽകാറുണ്ട്. ഈ വർഷം ജനുവരിയിൽ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകി. അത് മറയാക്കി സമാന സാഹചര്യത്തിലുള്ള 50- ൽ അധികം മരങ്ങൾ മറിച്ചെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. അനുമതി നൽകിയ മരങ്ങൾ മുറിക്കുന്നത് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ചന്ദ്രൻ അനധികൃത മരംമുറി മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തില്ല. ഇതാണ് കൂടുതൽ മരം മുറിച്ചു കടത്തുന്നതിലേക്ക് നയിച്ചത്.