77 വർഷം പഴക്കമുള്ള പതാക; സ്വാതന്ത്ര്യ ദിന ഓർമകളുമായി ഒരമ്മ
ഗ്രീഷ്മ സെലിൻ ബെന്നി
കൂത്താട്ടുകുളം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളോടെ രാജ്യമൊട്ടാകെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ 77 വർഷങ്ങൾ പഴക്കമുള്ള പതാക ഇന്നും രാജ്യസ്നേഹത്തിന്റെയും തന്റെ ഭർത്താവിന്റെയും ഓർമ്മക്കുറിപ്പുകൾ ആയി സൂക്ഷിക്കുകയാണ് കൂത്താട്ടുകുളം കടുവാക്കുഴിയിൽ ഏലിക്കുട്ടി ജോൺ. 1947ൽ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കൂത്താട്ടുകുളത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിലും പ്രകടനങ്ങളിലും പങ്കാളിയായിരുന്നു വർക്കി ജോൺ. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിച്ചിരുന്ന വർക്കി ജോൺ ഏറ്റവും വിലപ്പെട്ടതായി കരുതിയിരുന്ന ഒന്നുതന്നെയാണ് രാജ്യത്തിന്റെ ത്രിവർണ പതാക.
2014 സെപ്റ്റംബർ 16ന്, തന്റെ മരണം വരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഓർമ്മയായി സൂക്ഷിച്ച പതാക അമൂല്യമായ നിധിയായി അദ്ദേഹം കൊണ്ടുനടന്നു. തന്റെ ഭർത്താവിന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായി കരുതിയിരുന്ന പതാക പിന്നീട് സൂക്ഷിക്കുന്ന ചുമതല ഏലിക്കുട്ടി ഏറ്റെടുത്തു. അന്ന് തന്റെ പ്രിയപ്പെട്ടവൻ കയ്യിലേന്തിയ മൂവർണ്ണക്കൊടി 77 വർഷങ്ങൾക്കിപ്പുറം തൊണ്ണൂറാമത്തെ വയസ്സിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഉയർത്തിപ്പിടിക്കുകയാണ് ഏലിക്കുട്ടി. അമ്മയുടെ ഓർമ്മകൾ പ്രായം മായ്ക്കുമ്പോൾ പതാകയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയാണ് മകനായ ബേബി ജോൺ. ബേബിയെ കൂടാതെ ലില്ലി ജോൺ, ജോർജ് ജോൺ, സി. ലീന ജോൺ, മേരി ജോൺ, ഗ്രേസി ജോൺ, അൽഫോൺസ് ജോൺ, ജോബി ജോൺ എന്നിവർ മക്കളാണ്. പുതിയ വീട്ടിലേയ്ക്ക് താമസം മാറാനായി എട്ടാം തീയതിയാണ് തീരുമാനിച്ചതെങ്കിലും ആഗസ്റ്റ് 15 ആയി മാറിയത് നിയോഗമായി കരുതുന്നു. മാത്രമല്ല ചാച്ചന്റെ ഓർമ്മകൾക്ക് ഏറ്റവും ഭംഗിയുള്ള ഒന്നായി കരുതുന്നതും ഈ പതാക തന്നെയാണ് അതുകൊണ്ടുതന്നെ ഇക്കാലമത്രയും സൂക്ഷിച്ചിരുന്ന എന്നാൽ ഉയർത്താൻ കഴിയാതെ പോയ ഈ പതാക ഉയർത്തണം എന്നത് കാലത്തിന്റെ നിയോഗമായി കരുതുന്നു എന്ന് ബേബി ജോൺ പറഞ്ഞു.
1947ൽ വർക്കി ജോൺ കയ്യിലേന്തിയ പതാക ആദ്യമായി ഉയർത്തുന്നത് 2024 ആഗസ്റ്റ് 15നാണ്. മുൻപൊരിക്കലും സ്വാതന്ത്ര്യദിന ആചരണത്തിൽ പോലും ഇത് ഉയർത്തിയിരുന്നില്ല. രാജ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ത്രിവർണ പതാക അതിന്റെ പ്രൗഢിയോടും ബഹുമാനത്തോടും കൂടെ സൂക്ഷിച്ചിരിക്കുന്നു. 77 വർഷങ്ങൾ പഴക്കമുള്ള പതാകയ്ക്ക് കാലപ്പഴക്കത്തിന്റെ നേരിയ മങ്ങലുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും അത്യപൂർവമായി സൂക്ഷിക്കപ്പെട്ട ഈ പതാക രാജ്യത്തിന്റെ അവിസ്മരണീയമായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഇന്നും സൂക്ഷിക്കുന്നു.