എസ്എഫ്ഐ നേതാക്കളുടെ ക്രൂരമർദ്ദനത്തെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്
വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാക്കളുടെ ക്രൂരമർദ്ദനത്തെ തുടർന്ന് രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്. 18 പ്രതികളിൽ 6 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക ഇനിയും നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യക്തമാക്കുന്നത്. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിനിടെ സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാരോപിച്ച് അച്ഛൻ ജയപ്രകാശ് രംഗത്തെത്തിയിരുന്നു. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.