സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
കൊച്ചി: മനുവിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മനുവിന്റെ മരണം സംബന്ധിച്ചുള്ള ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുവിന്റെ മാതാപിതാക്കളുടെ അഭിപ്രായവും ഇന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചിട്ടുള്ളത്.
ഇന്ന് ഉച്ചക്ക് 1.45 നാണ് ജെബിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുത. ഹര്‍ജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ഇന്ന് ഹാജരാക്കാം എന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. ഫ്‌ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്‍കാത്തത് എന്ന ഹര്‍ജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് വിഷയമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് സ്വവര്‍ഗ പങ്കാളി ജെബിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്തായാലും ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.