യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ
ദുബായ് : സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.
സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാര്‍ കമ്പനികളില്‍ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികള്‍ തൊഴില്‍ വീസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുന്‍പ് 50000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വര്‍ധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സന്ദര്‍ശക വീസയില്‍ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നല്‍കുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണവും വാങ്ങും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദര്‍ശക വീസയില്‍ അല്ല, എന്‍ട്രി പെര്‍മിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസിഡന്‍സി വീസയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്‌മെന്റുകളും അനധികൃതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.