കൊല്‍ക്കത്തയിലെ മാളില്‍ വന്‍ തീപിടിത്തം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ മാളില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടുത്തം. അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമായെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന്‍ ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും കണ്ടെത്താൻ സാദിച്ചിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.