For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി

04:27 PM Sep 30, 2024 IST | Online Desk
പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി
Advertisement

കളമശേരി: പാലിയേക്കര ടോള്‍ പ്ലാസയില്‍ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി അജ്‌നാസ്. അജ്‌നാസിന്റെ കാര്‍ ടോള്‍ പ്ലാസയിലൂടെ കടന്ന് പോയപ്പോള്‍ എട്ട് തവണയാണ് ഫാസ്റ്റ് ടാഗില്‍ നിന്നും പണം ഈടാക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനം വൈകിട്ട് മൂന്നേ കാലിനാണ് ടോള്‍ പ്ലാസ കടന്നത്. 90 രൂപയാണ് ഒരു വശത്തേക്കുള്ള ടോള്‍ നിരക്ക്. എന്നാല്‍ ഈ സമയം മുതല്‍ അഞ്ച് മണി വരെ പല സമയത്തായി 90 രൂപ വീതം എട്ട് തവണ പണം നഷ്ടമായിട്ടുണ്ട്.

Advertisement

പിറ്റേ ദിവസം കണ്ടെയ്‌നര്‍ റോഡിലെ പൊന്നാരിമംഗലം ടോളില്‍ എത്തിയപ്പോഴാണ് ഫാസ്റ്റാഗില്‍ നിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞത്. അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് കരുതി ടോള്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ മതിയായ തുക ഇല്ലെന്ന പേരില്‍ അവിടെ വാഹനം തടഞ്ഞു. അവിടുത്തെ ജീവനക്കാരാണ് അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ് ആണെന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് ഫാസ്റ്റാഗ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് പാലിയേക്കര ടോളില്‍ നടന്ന തട്ടിപ്പ് വ്യക്തമായത്.

പിന്നീട് എന്‍എച്ച്എഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പാലിയേക്കര ടോള്‍ ഇന്‍ചാര്‍ജിന്റെ നമ്പറില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഒരു പരാതി പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഈ മെയിലായി അയച്ചെങ്കിലും മൂന്ന് ദിവസമായിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും വാഹന ഉടമ പറഞ്ഞു. അതിനാലാണ് വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്.

ഇതൊരു സാങ്കേതിക പിഴവായി കാണാനാകില്ലെന്നും ടോള്‍പ്ലാസ അധികൃതര്‍ ഫാസ്റ്റ് ടാഗില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അധികാരം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തത് അന്യായമാണെന്നും പരാതിക്കാരന്‍ പറയുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.