കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയെ കാട്ടിലേക്ക് വിടില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചിരുന്നു. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ ഇന്നും പ്രതിഷേധം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയിൽ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി അറിയിച്ചിരുന്നു.
കടുവയെ തൃശ്ശൂർ മൃഗശാലയിൽ എത്തിക്കുമെന്നും ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവയെ വനത്തിൽ വിടേണ്ടതിലെന്നും വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ പുലർച്ചെ ആണ് സംഭവം. കമ്പിവേലിയിൽ കുടുങ്ങിയതിനാൽ തന്നെ കടുവയുടെ കാലിന് പരിക്ക് പറ്റിയിരുന്നു.