പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപ പോസ്റ്റ്;
ഇടതു സംഘടനാ നേതാവിന്റെ നടപടി വിവാദത്തിൽ
തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ട ഇടതുസംഘടനാ നേതാവിനെതിരെ പൊലീസ് സേനയിൽ അതൃപ്തി രൂക്ഷം. പൊലീസ് അസോസിയേഷൻ തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന കമ്മിറ്റിയംഗവുമായ കിരൺ എസ് ദേവിന്റെ പോസ്റ്റാണ് വിവാദത്തിലായത്. ഔദ്യോഗിക കാര്യങ്ങൾ പരസ്പരം അറിയിക്കുന്നതിനായി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ പരിഹാസം നടത്തിയതാണ് സേനയിലെ മറ്റംഗങ്ങളുടെ അതൃപ്തിക്ക് കാരണമായത്. ഡിവൈഎഫ്ഐയുടെ ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തെ അധിക്ഷേപിച്ച് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് വന്നിരുന്നു. ഗണേഷ്കുമാർ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പരിഹസിച്ച് സംസാരിക്കുന്ന വീഡിയോ സഹിതമായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിനൊപ്പം രാഹുലിനെ അധിക്ഷേപിച്ച് ഏതാനും വാചകങ്ങൾ കൂട്ടിച്ചേർത്താണ് ഇടതു സംഘടനാ നേതാവ് പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ ഇട്ടത്. മറ്റ് പൊലീസുകാർ അതൃപ്തി പ്രകടിപ്പിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം കിരൺ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കെ കിരൺ ദേവ് ഇത്തരമൊരു പോസ്റ്റ് ഔദ്യോഗിക ഗ്രൂപ്പിൽ ഇട്ടതിനെതിരെ നടപടി വേണമന്ന ആവശ്യം ഉയർന്നിട്ടുണ്ട്.