ഫിഷറീസ് സർവകലാശാലയ്ക്ക് നേട്ടം: യു ആർട്ടിക്കിൽ അംഗത്വം
ധ്രുവപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്ന യൂണിവേഴ്സിറ്റികളുടെയും റിസർച്ച് ഓർഗനൈസേഷനുകളുടെയും കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക്കിൽ ( യു ആർട്ടിക് ) കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻസ് ഓഷ്യൻ സയൻസസി (കുഫോസ് ) ന് അംഗത്വം ലഭിച്ചിരിക്കുന്നു. നോർവേയിലെ ബോഡോയിൽ ജൂൺ ആദ്യ ആഴ്ചയിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് അംഗത്വം ലഭിച്ചത്. ധ്രുവ മേഖലയിൽ നിന്ന് അഞ്ചും പുറത്തുനിന്നും 11 ഉം സ്ഥാപനങ്ങൾക്കാണ് പുതുതായി അംഗത്വം ലഭിച്ചത്.ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ചെന്നെയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി എന്നിവ ഇന്ത്യയിൽ നിന്ന് മുൻ വർഷങ്ങളിൽ അംഗത്വം നേടിയിട്ടുണ്ട്. ഈ വർഷം കുഫോസിനൊപ്പം ഇൻ്റർനാഷണൽ സെൻ്റർ ഫോർ പോളാർ സ്റ്റഡീസും, മഹാത്മാഗാന്ധി സർവകലാശാലയും അംഗത്വം നേടി. കേരള സർക്കാരിൻ്റെ ഇൻഡോ- നോർവേ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ നോഡൽ സെൻ്റർ കൂടിയാണ് കുഫോസ്.ഇൻഡോ നോർവേ പദ്ധതിയുടെ ഭാഗമായി കുഫോസും നോർവേയിലെ വിവിധ സർവകലാശാലകളുമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്പരകൈമാറ്റം ഈ വർഷം മുതൽ നടക്കും. കുഫോസിലെ അധ്യാപികയായ പ്രൊഫ. അനു ഗോപിനാഥ് 2016 മുതൽ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൻ്റെ ആർട്ടിക്ക് ഗവേഷണങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നുമുണ്ട്. കുഫോസിൻ്റ മേൽനോട്ടത്തിൽ ഇന്ത്യയുടെ ആർട്ടിക് പോളിസിയുമായി ബന്ധപ്പെട്ടു നടത്തുന്ന മൂക് കോഴ്സ് ആഗസ്റ്റ് 17 ന് ആരംഭിക്കും.യുജിസി യും കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയവും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്