നടൻ ഋതുരാജ് സിങ് അന്തരിച്ചു
ടെലിവിഷൻ താരം ഋതുരാജ് സിംഗ് (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായ അമിത് ബെൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തത്. എന്നാൽ, ചൊവ്വാഴ്‌ച പുലർച്ചെ 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നിരവധി പേർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഋതുരാജ് സിംഗിന് അനുശോചനം രേഖപ്പെടുത്തി. ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പ്രമുഖ പരമ്പരകൾ.
ബദരീനാഥ് കി ദുൽഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അവസാന ചിത്രം. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 തുടങ്ങിയവയാണ് ഋതുരാജ് സിങ് പ്രധാനവേഷത്തിലെത്തിയ വെബ് സീരീസുകൾ.