ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം നീട്ടി
ഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം നീട്ടി. മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. കേസിൽ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016 ലാണെന്നും കോടതി പറഞ്ഞു. അതെസമയം സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത് സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ്. സിദ്ദിഖ് കോടതിയോട് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടു.ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ് സിദ്ദിഖിനായി ഹാജരായത്.പരാതിക്കാരിയുടെ അഭിഭാഷക സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നൽകുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ വിഷയം ഉയർത്തിയിരുന്നുവെന്നും കോടതിയിൽ പറഞ്ഞു.സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് ബലാത്സംഗക്കേസിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായെന്നും ആയിരുന്നു സിദ്ദിഖിന്റെ സത്യവാങ്മൂലം.