പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചർ ചികിത്സകന് പിടിയില്‍
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചർ ചികിത്സകന് പിടിയില്‍. മരിച്ച യുവതിയെ ചികിത്സിച്ച വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീന് ആണ് പിടിയിലായത്. ഇയാളെയും നേരത്തെ അറസ്റ്റിലായ മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിനെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. സ്റ്റേഷനിലെത്തിയപ്പോൾ നയാസ് ഇയാൾക്ക് നേരേ പാഞ്ഞടുത്തിരുന്നു. പിന്നീട് പോലീസുകാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചർ ചികിത്സയാണ് നല്‍കിയിരുന്നത്. സംഭവത്തിൽ നയാസിനെതിരേ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ മരിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം.