For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കരളിൽ കലാപത്തിന്റെ കനൽ സൂക്ഷിച്ച കോൺഗ്രസുകാരൻ

ഇന്ന് പിടിയുടെ മൂന്നാം ഓർമ്മദിനം
11:19 AM Dec 22, 2024 IST | Online Desk
കരളിൽ കലാപത്തിന്റെ കനൽ സൂക്ഷിച്ച കോൺഗ്രസുകാരൻ
Advertisement

പി.ടി. തോമസ് നമ്മുടെ ഇടയിൽ ഇല്ലാതായിട്ട് മൂന്നു വർഷം തികയുകയാണ്. പി.ടിയുടെ അഭാവം കു ടുംബത്തിലും സുഹൃത്ത് വലയത്തിലും മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലും സ്യഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് മരണാനന്തരമുള്ള നാളുകൾ തെളിയിക്കുന്നു. പദവികളും ആഡംബര ജീവിതവും മോഹിച്ച് രാഷ്ട്രീയത്തിലെത്തിയ പൊതുപ്രവർത്തകനല്ലായിരുന്നു പി.ടി. പൊള്ളുന്ന ജീവിതാനുഭവങ്ങളും എരിയുന്ന സാമൂഹികാനുഭവങ്ങളും കൊളുത്തി വലിക്കുന്ന അന്വേഷണ ത്വരയുമാണ് പി.ടി.യെ രാഷ്ട്രീയത്തിലേക്കാകർഷിച്ചത്. അത്രയൊന്നും ഭദ്രമല്ലാത്ത സാമ്പത്തികാവസ്ഥയുള്ള വീട്ടിലാണ് പി.ടി. പിറന്നത്. നാടും അതേപോലെ തന്നെയായിരുന്നു. വികസനം കണ്ണുതുറക്കാത്ത ഇടുക്കിയിലെ പിന്നോക്ക മലയോര പ്രദേശമായിരുന്നു ഉപ്പ്തോട് എന്ന ഗ്രാമം. താലോലിക്കാൻ നിറങ്ങളും സ്വപ്നങ്ങളും ആഹ്ല‌ാദങ്ങളുമില്ലാത്ത കുട്ടിക്കാലമായിരുന്നു പി.ടി.യുടേത്. കുടുക്ക് പൊട്ടിയ, നിറം മങ്ങിയ, കുപ്പായം പോലുള്ള നരച്ച ബാല്യവുമായിരുന്നു ഓർക്കാനുണ്ടായിരുന്നത്. മലയോര കുടിയേറ്റ കർഷകർ അനുഭവിക്കുന്ന എല്ലാ ജീവിതഭാരങ്ങളും ഒന്നൊഴിയാതെ അനുഭവിച്ചു പോന്ന അധ്വാനിയായിരുന്നു പിതാവ് പുതിയാപറമ്പിൽ തോമസ്. അന്തരിച്ച ജി. കാർത്തികേയൻ വ്യക്തമാക്കിയതുപോലെ ഇടുക്കി മലയോരത്തിന്റെ കാർക്കശ്യമുറ്റി നിൽക്കുന്ന പരിക്കൻ ഭാവമായിരുന്നു പി.ടിയുടേത്. എന്നാൽ പരിചയപ്പെട്ടാൽ മാത്രമേ ആ സ്വഭാവത്തിൻ്റെ മൃദുതലയും നൈർമല്യവും നമുക്ക് ബോധ്യമാവുകയുള്ളൂ. ചെറുപ്പത്തിൽ തന്നെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും മിതത്വം പാലിച്ചു കൊണ്ടായിരുന്നു പി.ടിയും സഹോദരങ്ങളും വളർന്നത്. അതുകൊണ്ട് തന്നെ മുതിർന്നപ്പോൾ ശുപാർശയും അനഭലഷണീയമായ രീതിയിലുള്ള ധനസമ്പാദനവും പി.ടിയെ തീണ്ടിയില്ല. വലിയൊരു ചങ്ങാതിക്കൂട്ടം പി.ടിയ്ക്ക് ചുറ്റുമുണ്ടായിരുന്നുവെങ്കിലും പുസ്ത‌കങ്ങളായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. വീട്ടിലെ സാമ്പത്തിക ബാധ്യത കാരണം പിടിയുടെ കോളേജ് ജീവിതം ആരംഭിച്ചത് അൽപം വൈകിയായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ ക്ലാസിലെ മുതിർന്നകുട്ടി പി.ടിയാ യിരുന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഇതിനകം കെഎസ്‌യുവിൽ അംഗമായി ചേർന്ന പി.ടി സംഘടനയിൽ നിരവധി പദവികൾ വഹിച്ചു. മിടുക്കനായ സംഘാടകൻ, മികച്ച പ്രാസംഗികൻ, ധീരതയുള്ള സംഘടനാ പ്രവർത്തകർ എന്നീ നിലകളിൽ പി.ടി. ശ്രദ്ധേയനായി. എസ്എഫ്ഐ അക്രമം വ്യാപകമായ ഘട്ടത്തിലൊക്കെ കെഎസ് യു പ്രവർത്തകരിൽ രക്ഷാബോധം വളർത്താൻ ക്യാമ്പസുകളിലും ഹോസ്‌റ്റലുകളിലും സാന്ത്വനമായി പി.ടി. എത്തി. സംഘർഷമേഖലകളിൽ പിൻമാറിയ പ്രവർത്തകരെ ഉശിരിന്റെ ഊർജം നൽകി പി.ടി. കർമനിരതരാക്കി. ഇതിനകം പി.ടി. കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ പദവികൾ പിന്നിട്ട് എറണാകുളം മഹാരാജാസ് കോളേജിൽ എം.എയ്ക്ക് ചേർന്നു. സർഗാത്മകതയുടെയും തീവ്രമായ രാഷ്ട്രീയ വിചാരങ്ങളുടെയും പ്രണയങ്ങളുടെയും മണ്ണായിരുന്നു മഹാരാജാസിൻറേത്. പ്രസിദ്ധരായ അധ്യാപകരുടെയും പിൽക്കാലത്ത് അതിപ്രശസ്‌തരായിതീർന്ന മിടുക്കന്മാരുടെയും ഹാച്ചറിയായിരുന്നു ഈകലാലയം. ഇവിടെത്തെ കാറ്റിലും മണ്ണിലും കല്ലിലും സാഹിത്യവും കലയും സിനിമയും രാഷ്ട്രീയവും പ്രണയങ്ങളും കാലത്തെയും പുതിയ ഇഷ്ടാനിഷ്ടങ്ങളെയും അതിജീവിച്ച് നിലനിന്നിരുന്നു. ഇതിലെല്ലാം മുഖ്യപങ്കാളിത്തത്തോ ടെ പി.ടിയുമുണ്ടായിരുന്നു. അത്തരത്തിൽ പി.ടി. സ്വന്തമാക്കിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ഉമ. അൽപം സാഹസികതയൊക്കെ ആ ഇഷ്ടത്തിനും സ്വന്തമാക്കലിനും പിന്നിലുണ്ടായിരുന്നു. മഹാരാജാസിലെ പഠനത്തിനുശേഷം പി.ടി എറണാകുളം ലോകോളേജിൽ എൽഎൽബിയ്ക്കു ചേർന്നു. പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള കാശൊന്നും വീട്ടിൽ നിന്നും കിട്ടാതായപ്പോൾ എറണാകുളം കെപിസിസി ഓഫീസും യൂത്ത് കോൺഗ്രസ് ഓഫീസും പി.ടി. താവളമാക്കി. കെപിസിസി ഓഫീസ് ചുമതലക്കാരൻ ഗോപാ ലേട്ടനായിരുന്നു പലപ്പോഴും പ്രാതലിനുള്ള ആശ്രയം. അക്കാലത്ത് എസ് എഫ് ഐ അക്രമത്തിന്റെ് കുന്തമുന പിടിയെ നിഴൽപോലെ പിന്തുടർന്നിരുന്നു. തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്. അടിപിടിയും കേസും പൊലീസുമൊക്കെ നിത്യേന കെപിസിസി ഓഫീസിൽ കയറിയിറങ്ങുന്നതു ഗോപാലേട്ടനെ വേദനിപ്പിച്ചിരുന്നു. പിന്നെ ആ അഭയം സങ്കടത്തോടെ ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ് ഓഫീസിലാക്കി താമസം. എറണാകുളത്തെ രാത്രി കൂട്ടായ്‌മകൾ വലിയ അനുഭവങ്ങളായിരുന്നു. നേരം ഏറെ വൈകുന്നതുവരെ സുഭാഷ് പാർക്കിലും മറൈൻ ഡ്രൈവിലിരുന്നുള്ള ചർച്ചകൾ, സെക്കൻഡ് ഷോ, സൗത്തിലോ നോർത്തിലോ പോയി ആദ്യ എഡിഷൻ മലയാള പത്രങ്ങൾ വായിക്കുക. രാത്രി കൂട്ടായ്മ‌യുടെ ഭാഗമായിരുന്നു. ആ കൂട്ടത്തിൽ കെഎസ്‌യുക്കാർ മാത്രമല്ല സിഐടിയുക്കാരും എബിവിപിക്കാരും നക്‌സലൈറ്റുകളും ഉണ്ടായിരുന്നു.

Advertisement

അന്യായങ്ങളെ ചോദ്യം ചെയ്യാനുള്ള ഉപദേശമായിരുന്നു പി.ടി. ഞങ്ങളുടെ തലമുറക്ക് നൽകിയ വരദാനം. നേതാക്കന്മാരുടെ പെട്ടി തൂക്കുന്ന പ്രവർത്തകരെ പി.ടി. കർശനമായി വിലക്കി. അനാവശ്യമായ തരത്തിലും തലത്തിലും 'സാർ' എന്നു വിളിക്കുന്നത് പി.ടിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. കെഎസ്‌യു ക്യാമ്പുകളിലും യോഗങ്ങളിലും പി.ടിയുടെ പ്രസംഗം യഥാർത്ഥത്തിലുള്ള പഠനക്ലാസുകളായിരുന്നു. അന്യായങ്ങൾക്കെതിരെ വിരൽ ചൂണ്ടുക, നിലയും നിലപാടുകളുമുണ്ടായിരിക്കുക എന്നിവയായിരുന്നവ. നിലപാടുകളിൽ നേട്ടത്തിനും ചേതത്തിനും സ്ഥാനമില്ല. നിവർന്നു നിൽക്കുന്ന നട്ടെല്ലും ഉയർത്തിപിടിച്ച ശിരസ്സുമാണ് യുവധീരതയുടെ കൊടിയടയാളങ്ങൾ. വിനയവും വിശുദ്ധിയുമാണ് രാഷ്ട്രീയപ്രവർത്തകൻ്റെ കയ്യേടിലെ പ്രധാന പാഠങ്ങൾ. വായനയെയും എഴുത്തിനെയും ഏറെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന നല്ലൊരു വായനക്കനാരനായിരുന്നു പി.ടി. ജവഹർലാൽ നെഹ്റുവും പനമ്പിള്ളി ഗോവിന്ദമേനോനുമായിരുന്നു വായനാലോകത്തെ ആദർശപുരുഷന്മാർ. വായിച്ചതിൻ്റെ പത്ത് ശതമാനംപോലും ഇവരാരും എഴുതിയിട്ടില്ല. അവരുടെ വാക്കുകൾ പ്രസംഗങ്ങളായും പ്രഭാഷണങ്ങളായും ജനങ്ങൾ വായിക്കുകയായിരുന്നു. പി.ടിയുടെ വായനയിൽ കഥയും നോവലും കവിതയും മാത്രമല്ല രാഷ്ട്രീയ പഠനങ്ങളും പാരിസ്ഥിതിക വിഷയങ്ങളും സാഹിത്യ നിരൂപണങ്ങളും ഉണ്ടായിരുന്നു. അഷ്ടാംഗഹൃദയം മുതൽ നാനോ ടെക്നോളജിവരെയുള്ള ഗ്രന്ഥങ്ങൾ പി.ടിയുടെ പുസ്‌തക ശേഖരത്തിലുണ്ട്. വായിക്കുക മാത്രമല്ല വായിപ്പിക്കാനും പി.ടി. പ്രേരിപ്പിച്ചിരുന്നു. സുകുമാർ അഴീക്കോടും കെ.പി. അ പ്പനും എം.എൻ. വിജയനുമായി പി.ടി. നടത്തിയ അഭിമുഖങ്ങൾ ആശയഗാംഭീര്യം നിറഞ്ഞതാണ്.

പി.ടി. പരിസ്ഥിതിവാദിയായിരുന്നു. പരിസ്ഥിതി മൗലികവാദിയായിരുന്നില്ല; വികസനവാദിയായിരുന്നു. വികസനമൗലികവാദിയായിരുന്നില്ല. ആസന്നമരണത്തിലേക്ക് നീങ്ങുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം അരുതേ എന്ന് പറഞ്ഞതിന് പി.ടിക്കുണ്ടായ രാഷ്ട്രീയ നഷ്ടം ഏറെ വലുതായിരുന്നു. എന്നിട്ടും അദ്ദേഹം നിലപാടുകളിൽ ഉറച്ചുനിന്നു. ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം ശവഘോഷയാത്ര കാണേണ്ടി വന്ന 'സൗഭാഗ്യ' വും പി.ടിക്കുണ്ടായി. അനാഡംബരവും മിതവ്യയവുമാണ് പൊതുപ്രവർത്തകരെ ജനപ്രിയരാക്കുന്നതിനുള്ള മാനദണ്ഡം എന്ന് വിവക്ഷിച്ചാൽ അത് പി.ടിയെ സംബന്ധിച്ചിടത്തോളം ചേർച്ചയുള്ള വിശേഷണമാണ്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിക്കുന്നവൻ ജനഹൃദയങ്ങളിൽ ഇടമുള്ളവനായിരിക്കണം. ഏത് ജനവിരുദ്ധനെയും ജനനായകനെന്നും വികസനം മുടക്കിയെ വികസന നായകനെന്നും വിരുദ്ധാർത്ഥം വ്യാപകമായ കാലമാണിത്. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഇത്രയേറെ സഞ്ചരിക്കുകയും ഇത്രയേറെ ജനങ്ങളിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്‌ത നേതാക്കൾ വിരളമാണ്.കേരളത്തിലെ ജനാധിപത്യ സാംസ്കാരിക മേഖലകളിലും ഗ്രന്ഥശാല പ്രസ്ഥാനത്തിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.ടി. എഴുത്തിനും വായനക്കും മേൽ ചുവന്ന വിലക്കുകളും വിലങ്ങുകളും വീണകാലത്ത് 'സംസ്കൃതി' എന്ന സാംസ്കാരിക സംഘടനക്കും മാനവ സംസ്കൃതി എന്ന മാസികയ്ക്കും പി.ടി രൂപം നൽകി. കേരളത്തിലെ 63 താലൂക്കുകളിലും 14 ജില്ലകളിലും സംഘനടക്കും മാസികയ്ക്കും വൻപ്രചരണം ലഭിച്ചു. കോടികൾ വരുമാനുള്ള ഗ്രന്ഥശാലാസംഘം ഏകപക്ഷീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും സംസ്കൃതി പ്രതിരോധം സൃഷ്ടിച്ചു. മിക്കവാറും എല്ലാ താലൂക്കുകളിലും ജില്ലകളിലും കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരം സംഘടിപ്പിക്കാൻ സംസ്‌കൃതിക്ക് സാധിച്ചു. ഇത്തരം പുതിയ ഉണർവും ഇടപെടലുകളും എങ്ങിനെയുണ്ടായി എന്നറിയാൻ സിപിഎം ജില്ലാ കമ്മറ്റികളും സംസ്ഥാന കമ്മറ്റിയും ചർച്ച ചെയ്യുന്ന സാഹചര്യമുണ്ടായി. പി.ടി.യുടെ നിശ്ചയ ദാർഢ്യവും നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തവുമായിരുന്നു ഇത്തരമൊരു ഉയിർപ്പിന് കാരണമായത്. പി.ടിയുടെ വിയോഗം ഈ രംഗത്ത് സൃഷ്ടിച്ച ശൂന്യതയും വലുതാണ്.

കരൾ നിറയെ കലാപത്തിന്റെ കനലുമായ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന, ഇന്നും ഓർമകളിൽ ജ്വലിക്കുന്ന പി.ടിയുടെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമം.

Tags :
Author Image

Online Desk

View all posts

Advertisement

.