ഇന്ന് ശിശുദിനം: കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ സൃഷ്ടിക്കുന്നത്, അവരെ വളർത്തിയെടുക്കുന്ന രീതിയാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതെന്ന് ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന ആധുനിക ഇന്ത്യയുടെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനമായ നവംബർ 14ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു. 1889 നവംബര്‍ 14-ന് അലഹബാദിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ ഊന്നാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമുള്ള ദിനമായാണ് ശിശുദിനം ആചാരിക്കുന്നത്. നെഹ്‌റുവിന്റെ അഭിപ്രായത്തിൽ, കുട്ടികൾ പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവർ രാഷ്ട്രത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളർത്തിയെടുക്കണമെന്നും,ശരിയായ വിദ്യാഭ്യാസത്തിൻ്റെ അനിവാര്യതയും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.