സ്പീക്കര്‍മാര്‍
കോടാലിക്കൈകളാകുമ്പോള്‍; വീക്ഷണം എഡിറ്റോറിയൽ വായിക്കാം
സ്പീക്കര്‍മാര്‍ നിയമ നിര്‍മാണ സഭകളില്‍ കോടാലിക്കൈകളായി മാറുന്നത് സുഗമമായ സഭാ നടത്തിപ്പിനും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. ഭരണപക്ഷത്തിന്റെ കാര്യസ്ഥനും സഭയുടെ നടത്തിപ്പുകാരനും മാത്രമല്ല സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ രക്ഷകനുമാണ്. ശബ്ദമില്ലാതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ശബ്ദവും പരിഗണനയും സാധ്യമാവുന്നത് സ്പീക്കറുടെ ഇടപെടലുകളിലൂടെയാണ്. എന്നാല്‍ ഇന്നലെ ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത് അസാധാരണ നടപടികളായിരുന്നു.
പ്രതിപക്ഷ അവകാശങ്ങളെ കവരാനുള്ള ശ്രമങ്ങളാണ് കേരള നിയമസഭയില്‍ നടന്നതെങ്കില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ലോക്‌സഭയില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികളേറ്റ ബിജെപിയും സിപിഎമ്മും ആണ് സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഇല്ലാതാക്കാന്‍ സ്പീക്കറെ ഹാസ്യനാടകങ്ങളിലെ കോമാളികളാക്കി മാറ്റുന്നത്.
അജണ്ടയില്‍ ഇല്ലാത്ത പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ച സ്പീക്കര്‍ ഓം ബിര്‍ള അസാധാരണമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടായിരുന്നു പ്രമേയം. സഭയില്‍ നിഷ്പക്ഷതയും സത്യസന്ധതയും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഏതാനും മിനുട്ടുകള്‍ക്കുള്ളിലായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചുമടെടുപ്പുകാരനായി മാറിയത്. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയമായിരുന്നു ബിര്‍ളയുടേത്. നൂറുശതമാനം രാഷ്ട്രീയമായിരുന്ന ഈ പ്രമേയം സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ ഇരുണ്ടകാലമായിരുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള ഓം ബിര്‍ളയുടെ മൗന പ്രാര്‍ത്ഥന കാപട്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും തലനാരിഴക്ക് രക്ഷപ്പെട്ട മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയുടെ ദുശ്ശാഠ്യങ്ങളും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായിരിക്കില്ലെന്നാണ് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം കേരള നിയമസഭയിലും ഇത്തരമൊരു അസാധാരണ സംഭവമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടി അസാധാരണവും പക്ഷപാതപരവുമായിരുന്നു. മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നതിന് പകരം സ്പീക്കര്‍ വിശദീകരണം നല്‍കിയത് അനുചിതവും ചട്ടവിരുദ്ധവുമായിരുന്നു. ഈ നടപടിയുടെ നിയമവിരുദ്ധത ബോധ്യമായിട്ടും സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ അഹങ്കാരം. ഇതാണ് സ്പീക്കറെയും സര്‍ക്കാരിനെയും നയിക്കുന്നത്. ഒരു എം.എല്‍.എയുടെ സാധാരണ അടിയന്തര പ്രമേയമല്ലായിരുന്നത്. ഭര്‍ത്താവിനെ അതിക്രൂരമായ് കൊലചെയ്ത കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജയില്‍ മോചിതരാക്കാനുള്ള ക്രൂര നടപടിക്കെതിരെയുള്ള രോഷവും വേദനുമായിരുന്നു ആ അടിയന്തര പ്രമേയത്തിന്റെ ഉള്ളടക്കം. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കണ്ണില്‍ നിന്നും ജ്വലിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളെ നേരിടാനുള്ള ത്രാണിയില്ലായ്മ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കാനാകാതെ സ്പീക്കറുടെ മടിയിലേക്കിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു.
നോട്ടീസിന് അനുമതി നല്‍കിയാല്‍, തന്നെയും പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളും വാക്കുകളും കെ.കെ രമയില്‍ നിന്ന് കൂരമ്പുകളായ് വന്ന് തറയ്ക്കുമെന്നും അത് കനത്ത പ്രഹരമായിരിക്കുമെന്നുമുള്ള ഭീതിയാണ് സ്പീക്കറെ പകരക്കാരനാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സാധാരണ നിലയില്‍ നോട്ടീസ് അനുവദിക്കുകയും ബന്ധപ്പെട്ട മന്ത്രിമാരില്‍ നിന്ന് വിശദീകരണം ലഭിച്ചാല്‍ പ്രമേയ അനുമതി നിഷേധിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് നോട്ടീസ് അനുവദിക്കാത്തതിന്റെ വിശദീകരണം നല്‍കിയത് സ്പീക്കറായിരുന്നു, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നില്ല. ഈ അന്യായ നടപടി ഉണ്ടായിട്ടും സ്പീക്കര്‍ അതിനെ ന്യായീകരിച്ചത് കേവലം സിപിഎം വക്താവിനെപ്പോലെയാണ്.
നിയമ നിര്‍മാണ സഭകളിലെ സ്പീക്കര്‍മാരെ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത്.