ആദിവാസി സ്ത്രീയുടെ മൃതശരീരം ഓട്ടോറിക്ഷയില്‍ കൊണ്ട് പോയ സംഭവം : ഉത്തരവാദികളായ ഉന്നതര്‍ക്കെതിരെ നടപടി വേണം - പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: മാനന്തവാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതശരീരം ആംബുലന്‍സ് ലഭ്യമാവാതെ ഓട്ടോറിക്ഷയില്‍ കൊണ്ട് പോവേണ്ടി വന്ന സംഭവത്തില്‍ ഉത്തരവാദികളായ ഉന്നതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ട നടപടി ഉന്നതര്‍ക്ക് പഴിയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നതര്‍ക്ക് രക്ഷപെടാന്‍ കഴിയില്ല. ഇനിയൊരിക്കലും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടിയാണ് അവശ്യമെന്ന് അവര്‍ പറഞ്ഞു.
സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച പ്രിയങ്ക, ആദിവാസി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും വ്യവസ്ഥാപിതമായി അവര്‍ അനുഭവിക്കുന്ന അവഗണയിലേക്കുമാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത് എന്ന് പറഞ്ഞു. ആദിവാസി സമൂഹം ആത്മാഭിമാനവും, ബഹുമാനവും അര്‍ഹിക്കുന്നവരും മൗലികമായ അവകാശങ്ങളുടെയും സേവനങ്ങളുടെയും അവകാശികള്‍ കൂടിയുമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു