എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പരാതി ലഭിച്ചിട്ടും ദിവ്യക്കെതിരേ കേസെടുക്കാൻ വൈകുന്നുവെന്ന് ആക്ഷേപം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതി ലഭിച്ചിട്ടും പിപി ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതേസമയം പിപി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലീസ് വൈകിയതായി ആക്ഷേപം ഉയരുന്നുണ്ട്. ദിവ്യയുടെ വാക്കുകളിലൂടെയുണ്ടായ മാനസിക വിഷമത്തെ കുറിച്ച് നവീൻ സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നു എന്നുള്ള തരത്തിലും അന്വേഷണം നടക്കുന്നുണ്ട്.
പരാതിക്കാരനായ പ്രശാന്തിനെതിരേ വകുപ്പ് തല അന്വേഷണം ഉടന്‍ ആരംഭിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍. സര്‍ക്കാര്‍ ജീവനക്കാരന് ഇത്തരത്തിലൊരു സ്വകാര്യ സംരംഭം ആരംഭിക്കുന്നത് ചട്ട വിരുദ്ധമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും അതിസൂക്ഷ്മമായി പരിശോധിക്കും.