എഡിഎമ്മിന്റെ മരണം: സിപിഎം നടപടി ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന്; കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനം രാജിവെയ്ക്കാൻ സിപിഎം നിർദ്ദേശിച്ചത് ഗത്യന്തരമില്ലാതെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിൻമാറ്റം മാത്രമാണിത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കും. ഇതുവരെയുള്ള സിപിഎമ്മിൻറെ പരാമ്പര്യവും ശൈലിയും പരിശോധിച്ചാലത് വ്യക്തമാണ്.
അതെസമയം എഡിഎമ്മിൻ്റെ മരണം സംഭവിച്ച ഉടനെ അതിന് കാരണക്കാരിയായ പിപി ദിവ്യയെ കൈവിടാൻ സിപിഎം മടികാണിച്ചതും അഴിമതിവിരുദ്ധ പോരാളിയെന്ന പ്രതിച്ഛായ അവർക്ക് ചാർത്തി കൊടുത്ത് പ്രതിരോധം തീർക്കാൻ ഡിവൈഎഫ് ഐ മുന്നോട്ട് വന്നതും അതിന് ഉദാഹരണമാണ്. ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെത് ഇടതനുകൂല കുടുംബമാണെന്ന പരിഗണന പോലും നൽകാതെ വ്യാജ അഴിമതി ആരോപണം
ഉയർത്തി മരണശേഷവും നവീൻ ബാബുവിനെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതുസമൂഹത്തിന്റെ വികാരം എതിരായപ്പോൾ മാത്രമാണ് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തത്.
യാത്രയയപ്പ് യോഗത്തിനിടെ എഡിഎമ്മിനെ അധിക്ഷേപിക്കുന്നതിന് പിപി ദിവ്യയ്ക്ക് നാടകീയമായ സാഹചര്യം ഒരുക്കുന്നതിൽ ജില്ലാ കളക്ടർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കെ. സുധാകരൻ എംപി.ആവശ്യപ്പെട്ടു. ക്ഷണിക്കാത്ത യോഗത്തിലേക്ക് പിപി ദിവ്യ കടന്നു വന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണ്. പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ ജില്ലാ കളക്ടർ ഇടപെടാതെ ഇരുന്നതും ദുരൂഹമാണ്. കൂടാതെ എഡിഎമ്മിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ച പരാതിക്കാരൻ ടി.വി പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സും ഈ ഇടപാടിൽ പിപി ദിവ്യയ്ക്ക് പങ്കുണ്ടോയെന്നതും ഉൾപ്പെടെ അന്വേഷിക്കണം. എഡിഎമ്മിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരൻ്റെതായി പുറത്തുവന്ന
ശബ്ദസംഭാഷണത്തിലൂടെ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ആരോപണത്തിന് കഥയും തിരക്കഥയും രചിച്ച കറുത്ത ശക്തികളെ നിമയത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കെ.സുധാകരൻ എം.പി.ആവശ്യപ്പെട്ടു.