അസമിലെ നാലു ജില്ലകളില്‍ അഫ്‌സ്പ ആറു മാസത്തേക്ക് നീട്ടി
ദിസ്പൂര്‍/അസം: അസമിലെ നാലു ജില്ലകളില്‍ അഫ്‌സ്പ (സായുധ സേന പ്രത്യേക അധികാര നിയമം) ആറു മാസത്തേക്ക് നീട്ടി. അയല്‍രാജ്യമായ ബംഗ്ലാദേശിലെ സമീപകാല സ്ഥിതിഗതികള്‍ അസമിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍ എന്നീ ജില്ലകളിലാണ് അഫ്‌സ്പ നീട്ടി അധികൃതര്‍ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
സുരക്ഷാ സേനയുടെ നിരന്തര ശ്രമങ്ങളും കലാപ പ്രതിരോധ നടപടികളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അസം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം മെച്ചപ്പെട്ടതായി പൊലീസ് ആസ്ഥാനത്തു ലഭിച്ച വിവിധ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നയായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളാണ്
1958ലെ സായുധ സേന പ്രത്യേക അധികാര നിയമം നീട്ടാന്‍ അസം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്നും അറിയിപ്പില്‍ പറയുന്നു.സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് അഫ്സ്പയ്ക്ക് കീഴിലുള്ള ഏക മേഖലയാണ് ഇപ്പോള്‍ നിയമം നീട്ടിയ നാല് ജില്ലകള്‍.
ജോര്‍ഹട്ട്, ഗോലാഘട്ട്, കര്‍ബി ആംഗ്ലോംഗ്, ദിമ ഹസാവോ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു നിയമം പിന്‍വലിച്ചത്. 1990 നവംബറിലാണ് അഫ്‌സ്പ ആദ്യമായി അസമില്‍ ഏര്‍പ്പെടുത്തിയത്. വാറന്റില്ലാതെ എവിടെയും ഓപ്പറേഷന്‍ നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയ്ക്ക് അഫ്‌സ്പ നിയമം അധികാരം നല്‍കുന്നു.
മനുഷ്യാവകാശ ലംഘനമാണെന്ന് അവകാശപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കണമെന്ന് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.