ബിജു പ്രഭാകരന് പിറകെ ശ്രീജിത്ത് ഐപിഎസ്സും ഗണേശനോട് ഇടഞ്ഞു
തിരുവനന്തപുരം: ഗതാഗത വകുപ്പ് അടിമുടി മാറ്റുമെന്ന് പറഞ്ഞതാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ മന്ത്രി കസേരയിലേക്ക് കയറിയത്. എന്നാൽ പിന്നീട് കണ്ടത് ചില അസ്വാരസ്യങ്ങൾ ആയിരുന്നു, മന്ത്രിയുള്ള അഭിപ്രായവ്യത്യാസത്തിൽ പുറത്തുപോയ ബിജു പ്രഭാകറിനു പിന്നാലെ ഗതാഗത കമ്മിഷണറുമായുള്ള മന്ത്രിയുടെ ഭിന്നതയും മറനീക്കി പുറത്തേക്ക്.
കഴിഞ്ഞ ദിവസം നടന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ചു. മറുപടി പറയാൻ അനുമതി നൽകിയതുമില്ല. ഇതു വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോൾ ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടു. പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.