എ.ഐ ക്യാമറ: കോടികൾ ആരുടെ കീശയിൽ?
പണമില്ലാത്തതിനാൽ കെൽട്രോൺ ജീവനക്കാരെ പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹന യാത്രികർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനവും നിയന്ത്രണവും പിഴയീടാക്കലും സർക്കാരിന് വൻ ബാധ്യതയായി. പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവും ഹർജിയും കോടതിയുടെ പരിഗണനയിലിരിക്കെ എ.ഐ ക്യാമറ നടത്തിപ്പ് താളം തെറ്റി. അഴിമതി പണം പോക്കറ്റിലെത്തിയതോടെ പദ്ധതി തന്നെ നിലയ്ക്കുന്ന മട്ടിലാണ് കാര്യങ്ങൾ. സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നു ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. മോട്ടർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളിലുണ്ടായിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച മുതൽ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.7 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം. 6 മാസത്തെ പണമാണ് ലഭിക്കാനുള്ളത്. ആദ്യത്തെ 3 മാസം തന്നെ 120 കോടി രൂപയുടെ പിഴയ്ക്കുള്ള ചെലാൻ വാഹന ഉടമകൾക്ക് അയച്ചിരുന്നു. ഇതിൽ 35 കോടി രൂപ ഖജനാവിലെത്തി. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടി രൂപയുടെ ചെലാൻ കൺട്രോൾ റൂമിൽ തയാറാണെങ്കിലും ഇത് പ്രിന്റ് എടുത്ത് അയയ്ക്കാനുള്ള പണം ഇല്ലാത്തതിനാൽ അയച്ചില്ല. വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള പൊലീസ് പരിശോധന ക്യാമറ വരുന്നതോടെ പൂർണമായും ഇല്ലാതാകുമെന്ന സർക്കാരിന്റെ പ്രഖ്യാപനവും വെറുതെയായി. സംസ്ഥാനത്തുടനീളം പൊലീസുകാർ ചെക്കിങ് നടത്തി വാഹനയാത്രികരുടെ പോക്കറ്റടി തുടരുകയാണ്.
232 കോടി മുടക്കി 726 കാമറകളാണ് സംസ്ഥാനത്തെ ദേശീയ, സംസ്ഥാനപാതകളിൽ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തവരെ കണ്ടെത്തൽ, അമിത വേഗം, ഓവർലോഡ് തുടങ്ങിയ നിയമലംഘനങ്ങൾ തിരിച്ചറിയൽ എന്നിവയാണ് കാമറ പരിധിയിൽ വരുക. നിയമലംഘനങ്ങൾക്ക് വലിയ തുകയാണ് പിഴയീടാക്കുന്നത്. എന്നാൽ, ക്യാമറയിൽ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ തെളിയും മുമ്പേ അതിനു പിന്നിലെ അഴിമതിയുടെ പുക ആദ്യം തന്നെ പുറത്തുവന്നിരുന്നു. പിഴ ഈടാക്കൽ ഖജനാവ് നിറയ്ക്കൽ പരിപാടിയാണെന്നായിരുന്നു ജനങ്ങളുടെ ആക്ഷേപം. പിന്നീട്, ക്യാമറകൾ സ്ഥാപിക്കുന്നതിന് ചെലവഴിച്ച ഭീമമായ തുകയും കരാറുകളിലെ സുതാര്യതയില്ലായ്മയും കോടതി കയറി. കേസ് വിശദമായി പരിശോധിക്കേണ്ടതാണെന്നാണ് കോടതിയുടെ നിരീക്ഷണം. എ.ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്നും കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുളള കാര്യങ്ങള്‍ ഇനി കോടതിയുടെ അനുമതിയില്ലാതെ ചെയ്യരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എ.ഐ ക്യാമറ അഴിമതി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഭരണതലത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ക്യാമറ പദ്ധതിയുടെ മുഴുവന്‍ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ കെല്‍ട്രോണ്‍ 151 കോടിക്ക് എസ്.ആര്‍.ഐ.ടിക്ക് കരാർ നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ യോഗ്യതയില്ലാത്ത ഇതേ കമ്പനി അതേ വ്യവസ്ഥകളോടെ ലെെറ്റ് മാസ്റ്റേഴ്സ് ലെെറ്റിങിന് 75 കോടിക്ക് പര്‍ച്ചേയ്സ് ഓഡര്‍ നല്‍കിയതും ട്രോയ്സ് കമ്പനിക്ക് 57 കോടിയ്ക്ക് ഫിനാന്‍ഷ്യല്‍ പ്രപ്പോസല്‍ നല്‍കിയതും പുറത്ത് വന്ന രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.
കരാർ ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തു. ടെക്നിക്കൽ യോഗ്യതയില്ലാത്തതിനാൽ ഇതിൽ ഒരു കമ്പനിയെ ആദ്യം തന്നെ പുറത്താക്കി. മറ്റ് മൂന്ന് കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ഒന്നാം സ്ഥാനത്ത് വന്ന കമ്പനി സ്രിറ്റിന് കരാർ നൽകി. രണ്ടാം സ്ഥാനത്ത് വന്ന അശോക ബിൽകോൾ സോഫ്റ്റ്വെയറുമായി ബന്ധമില്ലാത്ത പാലം, റോഡ് കോൺട്രാക്ടുകളേറ്റെടുത്ത് നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് വന്ന സ്രിറ്റുമായി ഇവർക്ക് പക്ഷേ ബന്ധമുണ്ട്. കെ -ഫോൺ ഇടപാടിൽ സ്രിറ്റിന് ഉപകരാർ നൽകിയ കമ്പനിയാണ് അശോക. ഇവരുടെ സ്വന്തം കമ്പനി. മൂന്നാം കമ്പനിയായ അക്ഷര എന്റർപ്രൈസിനും സ്രിറ്റ് കമ്പനിയുമായി ബന്ധമുണ്ട്. ഈ കമ്പനികൾ കാർട്ടൽ ഉണ്ടാക്കിയാണ് കരാർ പിടിച്ചത്. സാങ്കേതിക പ്രാധാന്യമുള്ള കേസുകൾ സബ് കോൺട്രാക്ട് നൽകരുതെന്ന് നിർദേശമുണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. മൂന്ന് കമ്പനികൾ ചേർന്നു കാർട്ടൽ ഉണ്ടാക്കി. രണ്ടു കമ്പനികൾ സ്രിറ്റിന് കരാർ കിട്ടാൻ കൂടിയ തുക ക്വട്ട് ചെയ്തു.
മത്സരത്തിൽ ഇല്ലാത്ത രണ്ട് ഐ.ടി കമ്പനികൾ സ്രിറ്റിനെ പിന്തുണച്ചു. സാങ്കേതിക തികവില്ലാത്ത കമ്പനിയാണ് സ്രിറ്റ്. അതുകൊണ്ടാണ് പുറത്തുള്ള രണ്ട് കമ്പനികൾ സാങ്കേതിക പിന്തുണ നൽകിയത്. സ്രിറ്റിന് ഒമ്പത് കോടിയാണ് നോക്കുകൂലി. എല്ലാത്തിന്റെയും കേന്ദ്രം പ്രസാദിയോ കമ്പനിയാണ്. ഈ കമ്പനിക്ക് പിന്നിലാരാണന്നത് പുറത്തുവന്നതോടെയാണ് അഴിമതി വിവരങ്ങൾ വ്യക്തമായത്.
ക്യാമറകൾ സ്ഥാപിച്ചതിൽ മാത്രമല്ല, നടത്തിപ്പിലും ചില പ്രശ്നങ്ങളുയരുന്നുണ്ട്. നിയമലംഘനങ്ങളുടെ പേരിൽ ജനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നിയമപരമായി തെറ്റാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.