ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ; ആദ്യഫല സൂചനകൾ രാവിലെ 9 മണിയോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.9 മണിയോടെ തന്നെ ആദ്യ ഫല സൂചനകൾ വ്യക്തമാകും.
വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷം സംബന്ധിച്ചു മാത്രമാണ് യുഡിഎഫിന് ആശങ്കയുള്ളത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാർഥി.
ചേലക്കരയിൽ യു വി പ്രദീപ് (എൽഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണൻ (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിൻ (എൽഡിഎഫ്), രാഹുൽ മാങ്കൂട്ടത്തിൽ ( യുഡിഎഫ്), സി കൃഷ്‌ണകുമാർ (ബിജെപി) എന്നിവരും ജനവിധി തേടുന്നു.രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വീറുറ്റ പോരാട്ടം നടന്നത് പാലക്കാടാണ്. ത്രികോണപ്പോര് തന്നെയാണ് പാലക്കാട്ട് നടന്നത്. ഗവ. വിക്ടോറിയ കോളേജിലാണ് പാലക്കാട് വോട്ടെണ്ണൽ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി.