Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡല്‍ഹിയിലെ വായു ഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടു: സ്‌കൂളുകള്‍ ഹൈബ്രിഡ് മോഡിലേക്ക് മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍

11:02 AM Nov 26, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: വായു ഗുണനിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടതോടെ രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, സ്വയംഭരണ സ്‌കൂളുകള്‍ എത്രയും വേഗത്തില്‍ ഹൈബ്രിഡ് (ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്‌ലൈന്‍) മോഡിലേക്ക് മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനില്‍ (ഗ്രാപ്) ഇളവുകള്‍ പ്രഖ്യാപിച്ച എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷന്റെ നടപടിക്കു പിന്നാലെയാണ് നിര്‍ദേശം.

Advertisement

വായുമലിനീകരണം അപകടാവസ്ഥയിലേക്ക് മാറിയതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത അനവധി കുട്ടികളുണ്ടെന്നും പലര്‍ക്കും അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഫിസിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആശങ്കകളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സ്‌കൂളുകളും അങ്കണവാടികളും അടഞ്ഞുകിടക്കുന്നതിനാല്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ സൗകര്യം ഇല്ലാതാകുന്നു. അനവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താനുള്ള സൗകര്യമില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിനുള്ള സൗകര്യമില്ല. പല വിദ്യാര്‍ഥികളുടെയും വീടുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ ഇല്ല, അതിനാല്‍, വീട്ടില്‍ ഇരിക്കുന്ന കുട്ടികളും സ്‌കൂളില്‍ പോകുന്നവരും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാകാനിടയില്ല എന്നും കോടതി നിരീക്ഷിച്ചു.

തിങ്കളാഴ്ച കമീഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഹൈബ്രിഡ് ഫോര്‍മാറ്റില്‍ ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കി. വിദ്യാര്‍ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനിലോ ക്ലാസുകളില്‍ പങ്കെടുക്കാം. 12 വരെയുള്ള എല്ലാ ക്ലാസുകളും ഹൈബ്രിഡ് മോഡില്‍ ക്ലാസ് നടത്താം. സാധ്യമാകുന്നിടത്തെല്ലാം ഓണ്‍ലൈന്‍ ക്ലാസാക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. അതേസമയം ഡല്‍ഹിയിലെ മലിനീകരണത്തോത് ഇപ്പോഴും അപകട നിലയിലാണ്. തിങ്കളാഴ്ച വായു ഗുണനിലവാരം 318ല്‍ നിന്ന് 349ലേക്കാണ് താഴ്ന്നത്. കഴിഞ്ഞയാഴ്ച 400ന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് സ്‌കൂളുകള്‍ അടച്ചത്.

Tags :
news
Advertisement
Next Article