എല്ലാം പറഞ്ഞു "കോംപ്ലിമെന്റ്സ്" ആക്കി ; ബിജെപി നേതാക്കളുടെ കേസിൽ നടപടിയില്ല
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകളിൽ കോടതിയിൽ യഥാസമയം നടപടികൾ പൂർത്തിയാക്കാതെ ബോധപൂർവം വൈകിപ്പിച്ച് സർക്കാർ. കേസിൻ്റെ മെറിറ്റ് കോടതിയെ ധരിപ്പിക്കാൻ പോലും കഴിയാതെ സർക്കാർ ഉദാസീനത കാട്ടുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള കേസിലാണ് ഏറ്റവുമൊടുവിൽ സർക്കാർ - ബിജെപി അന്തർധാര മറനീക്കി പുറത്തുവന്നത്. കളമശേരിയിൽ യഹോവാസാക്ഷികളുടെ ആരാധനക്കിടെ സ്ഫോടനമുണ്ടായതിന് പിന്നാലെ മതസ്പർധ ഉണ്ടാക്കും വിധം പരാമർശം നടത്തിയതിനായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാർ രംഗത്ത് വരും മുൻപ് കൊച്ചി സിറ്റി സൈബർ സെൽ എസ്ഐയുടെ പരാതിയിലായിരുന്നു ആദ്യകേസ്. പിന്നീട് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ ചുമതലക്കാരൻ ഡോ. പി .സരിൻ്റെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തിയ രാജീവ് ചന്ദ്രശേഖറിന് ഏറ്റവും അനുകൂലമാകുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. നവംബർ 29ന് ഹർജി ആദ്യം പരിഗണനക്ക് എടുത്തപ്പോൾ തന്നെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതനുസരിച്ച് കേസ് ഡിസംബർ 12ലേക്ക് മാറ്റി. അന്ന് ഹർജി വീണ്ടും പരിഗണിച്ചപ്പോഴും പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചു. തുടർന്ന്, ആറാഴ്ച കൂടി അനുവദിച്ച് കോടതി ഇന്നലത്തേക്ക് പോസ്റ്റു ചെയ്തു. ഇന്നലെ വീണ്ടും ഒരുമാസം കൂടി നീട്ടിയതോടെ രാജീവ് ചന്ദ്രശേഖറിന് ആശ്വാസമായി. ഫെബ്രുവരി 15നാണ് ഇനി ഹർജി പരിഗണിക്കുക. ഇതോടെ, രാജീവ് ചന്ദ്രശേഖർ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിട്ട് രണ്ടരമാസമാകും. കേസുകൾ രജിസ്റ്റർ ചെയ്തിട്ട് മൂന്നരമാസവും.പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നാൽപതോളം കേസുകളാണ് ഏതാണ്ട് ഒരാഴ്ച കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പൊലീസെടുത്തത്. ബഹുഭൂരിപക്ഷത്തിലും തുടർനടപടിയൊന്നും ഉണ്ടായില്ല. കോഴഞ്ചേരിയിലെ ഒരു അറസ്റ്റ് മാത്രമാണ് ആദ്യം ഉണ്ടായത്. മൊഴിയെടുക്കാൻ പോലും ആരെയും പൊലിസ് ബുദ്ധിമുട്ടിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ മുതൽ സന്ദീപ് വാര്യരും അനിൽ ആൻ്റണിയും വരെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. കേസെടുക്കാൻ കാണിച്ച ശുഷ്കാന്തി പിന്നീട് ആവിയായതിൻ്റെ കാരണത്തെക്കുറിച്ച് ആക്ഷേപങ്ങൾ അനവധി ഉയരുന്നുണ്ട്.