പ്രതിയോഗികളെയെല്ലാം 'അരുക്കാക്കി': വകുപ്പുതല മാറ്റം തടഞ്ഞത് മുഹമ്മദ് റിയാസ്
സ്വന്തം സമുദായത്തിലെ നേതാക്കള്‍ക്കെല്ലാം 'പണികൊടുത്തു'
സ്വന്തം ലേഖകന്‍
കോഴിക്കോട്: രണ്ട് ഘടകകക്ഷി മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കുന്നതിനോടൊപ്പം സിപിഎമ്മിലെ ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം കൊണ്ടുവരാനും പാര്‍ട്ടി ആലോചിച്ചിരുന്നെങ്കിലും ആ സാധ്യത അടച്ചതിന് പിന്നില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ദയനീയ പ്രകടനമെന്ന് സിപിഎം തന്നെ വിലയിരുത്തിയ ആരോഗ്യ വകുപ്പില്‍ ഉള്‍പ്പെടെ അഴിച്ചു പണിയായിരുന്നു ലക്ഷ്യമിട്ടത്. ഇത്തരമൊരു അഴിച്ചുപണി നടന്നാല്‍ ചില മന്ത്രിമാര്‍ മാറി നില്‍ക്കേണ്ടി വരുമെന്നും പകരം പുതിയ ആളുകള്‍ കടന്നു വരുമെന്നും ഉറപ്പായിരുന്നു. നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറ്റി എ.എന്‍ ഷംസീറിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും പകരം വീണാ ജോര്‍ജിനെ സ്പീക്കറാക്കാനുമാണ് പാര്‍ട്ടിയില്‍ ആദ്യം ആലോചന നടന്നത്. എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും തന്നേക്കാള്‍ സീനിയറായ ഷംസീറിനെ മാറ്റിനിര്‍ത്തിയാണ് മുഹമ്മദ് റിയാസ് മന്ത്രിയായത്. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് എന്ന പരിഗണന മാത്രമാണ് റിയാസിന് യോഗ്യതയായത്. എന്നാല്‍ തനിക്ക് വെല്ലുവിളിയായ് വളര്‍ന്നേക്കാവുന്ന സ്വന്തം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം റിയാസ് 'പണികൊടുത്തു'. എളമരം കരീമിനെയും എ.എ റഹീമിനെയും രാജ്യസഭാംഗങ്ങളാക്കി ഡല്‍ഹിക്ക് അയച്ചു. ഷംസീറിന് പുറമെ മന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന ഇരവിപുരം എംഎല്‍എ എം.നൗഷാദിനെയും മറികടന്നാണ് പാര്‍ട്ടിക്ക് പുറത്തു നിന്ന് രണ്ട് മുസ്‌ലിം നാമധാരികളെ പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞ അഹമ്മദ് ദേവര്‍കോവിലും താനൂരില്‍ നിന്നുള്ള വി.അബ്ദുറഹ്മാനും. ഇരുവരും റിയാസിന് വെല്ലുവിളിയാവില്ലെന്ന് പിണറായിക്ക് ഉറപ്പായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഷംസീറിന് വേണ്ടി, അദ്ദേഹം മരിക്കുംമുമ്പ് കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഷംസീറിന് ഇടം നല്‍കാന്‍ പിണറായി സമ്മതംമൂളി. എന്നാല്‍ അന്നും ഷംസീര്‍ മന്ത്രിയാവുന്നത് റിയാസ് തടഞ്ഞു. സ്പീക്കറായിരുന്ന എം.ബി രാജേഷിനെ മന്ത്രിയാക്കി പകരം ഷംസീറിനെ ദിനേനയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വന്ധ്യംകരിക്കുന്ന വിധത്തില്‍ സ്പീക്കറാക്കി. ഇത് പൊതുസമൂഹത്തിനകത്തും കണ്ണൂര്‍ ഘടകത്തിലും മുറുമുറുപ്പിന് കാരണമായിരുന്നു. ദേവര്‍കോവില്‍ ഒഴിയുന്നതോടെ സംസ്ഥാന മന്ത്രിസഭയില്‍ മുമ്പില്ലാത്ത വിധം മുസ്‌ലിം സമുദായ പ്രാതിനിധ്യം രണ്ടായി കുറയും. എന്നാല്‍ തനിക്ക് പകരം മറ്റൊരാളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത റിയാസ്, സിപിഎം മന്ത്രിമാരില്‍ വലിയ അഴിച്ചുപണി വേണ്ടെന്ന നിലപാടിലാണ്. എന്‍.നൗഷാദ് ഉള്‍പ്പെടെ സീനിയര്‍ നേതാക്കള്‍ ബാക്കി നില്‍ക്കെയാണ് ഇത്. പിണറായിയുടെ കാലശേഷം റിയാസിന് ശക്തമായ് തിരിച്ചടി നല്‍കുമെന്ന സന്ദേശംകൂടി പാര്‍ട്ടിയിലെ അതൃപ്തരായ നേതാക്കള്‍ നല്‍കുന്നുണ്ട്.