വയനാടിനൊപ്പം; രാഹുലും പ്രിയങ്കയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും
കണ്ണൂർ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി കണ്ണൂരിൽ വിമാനമിറങ്ങി കൽപറ്റയിലേക്ക് യാത്ര തിരിച്ചു. റോഡ് മാർഗമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. രാവിലെ 9.30 ന് പ്രത്യേക വിമാനത്തിലാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയത്.
ഉച്ചയോടെ മേപ്പാടിയിൽ എത്തിച്ചേരുന്ന രാഹുലും പ്രിയങ്കയും മേപ്പാടി ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. സെൻറ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പും സന്ദർശിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ് എന്നിവരും ഇരുവർക്കുമൊപ്പം വയനാട് സന്ദർശിക്കും.