ആലുവ പീഡനം: മോണോആക്ട് വേദിയില്‍ കയ്യടി നേടി ഫാത്തിമ സ്വാലിഹ
കൊല്ലം: ആലുവയില്‍ അഞ്ചു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം മോണോആക്ട് വേദിയില്‍ അവതരിപ്പിച്ച് കയ്യടി നേടി ഫാത്തിമ സ്വാലിഹ. എച്ച് എസ് അറബിക് വിഭാഗം മോണോആക്ടിലാണ്
പട്ടാമ്പി പരുതൂര്‍ എച്ച് എസ് എസിലെ ഫാത്തിമ സ്വാലിഹ ആലുവ പീഡനത്തിലെ ഇരയുടെ യാതനകള്‍ അവതരിപ്പിച്ചത്. ബാല്യത്തിന്റെ കുസൃതികളും കളികളുമായി ഓടി നടന്ന നന്ദിനി എന്ന പെണ്‍കുട്ടിയെ അതിമനോഹരമായി അവതരിപ്പിച്ചു തുടങ്ങിയ സ്വലിഹയുടെ ഏകാഭിനയം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകവും തുറന്നു കാട്ടി. ലഹരിയുടെ വിപത്തിനെത്തിരായ സന്ദേശവും സ്വാലിഹ നല്‍കി. അറബിക് മോണോ ആക്ടില്‍ ആമുഖവും ഉപസംഹാരം പറയുന്ന പതിവ് രീതിയും സ്വലിഹ പുതുക്കി എഴുതി. ഈ പരീക്ഷണത്തിന്് വിജയമുണ്ടായി. ഫലം വന്നപ്പോള്‍ എ ഗ്രേഡ്. അഭിനയത്തിലൂടെ തന്നെ സന്ദേശം നല്‍കാന്‍ സാധിക്കുമെന്നും ഉപസംഹാരം ആവശ്യമില്ലെന്നും മത്സരത്തിന് ശേഷം സ്വാലിഹ പ്രതികരിച്ചു.പരുതൂര്‍ എച്ച് എസ് എസിലെ അധ്യാപിക സൗദയാണ് സ്വാലിഹക്ക് തിരക്കഥ എഴുതി നല്‍കിയത്. സഹോദരി ഫാത്തിമ സലീകയാണ് ഗുരു.സംസ്ഥാന ശാസ്ത്ര മേളയില്‍ മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി. ഇത്തവണയും മുന്‍വര്‍ഷവും പാഴ്വസ്തുക്കള്‍ കൊണ്ടുളള നിര്‍മാണത്തില്‍ ശാസ്ത്ര മേളയില്‍ ഒന്നാമതെത്തി ഈ എട്ടാം ക്ലാസുകാരി. അധ്യാപകരായ തോട്ടുങ്ങല്‍ സെയ്താലിയുടെയും സൈനബയുടെയും മകളാണ് ഫാത്തിമ സ്വാലിഹ.