ചാനൽ അവതാരകന്റെ ദ്വയാർത്ഥ പ്രയോഗം: സർക്കാർ നിസംഗത തുടർന്നാൽ കോടതിയെ സമീപിക്കുമെന്ന് ജവഹർ ബാൽമഞ്ച്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകൻ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിൽ സംസ്ഥാന സർക്കാരിന്റെ നിസംഗത ഗുരുതരമായ കുറ്റകൃത്യമെന്ന് ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ. ചാനൽ ലോകത്തെ ഇടത് പ്രചാരകനെ സംരക്ഷിക്കാനായാണ് സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത്. ചാനൽ അവതാരകനും റിപ്പോർട്ടർക്കുമെതിരെ സംസ്ഥാന സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ജവഹർ ബാൽമഞ്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനലിനകത്തും പുറത്തും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന അവതാരകൻ കുട്ടികളെ കുറിച്ച് പോലും ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടും സംസ്ഥാന സർക്കാരോ സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മോ മൗനം പാലിക്കുകയാണ്. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായിട്ടും ചാനലിനോ റിപ്പോർട്ടർക്കോ അവതാരകനോ എതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പൊലീസ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും ആനന്ദ് കണ്ണശ പരിഹസിച്ചു.