സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
സാലറി ചലഞ്ച് നടത്തി വീണ്ടും നിർബന്ധപൂർവ്വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.സമസ്ത വിഭാഗം ജീവനക്കാർക്കും അദ്ധ്യാപകർക്കും കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാനുള്ള അവസരമൊരുക്കണം. ശമ്പളം ഒരു കാരണവശാലും തൊഴിൽദാതാവിന് നിർബന്ധപൂർവ്വം പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നില്ല.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സെറ്റോ ഘടക സംഘടനകൾ സജീവമായി പങ്കെടുക്കും.പ്രത്യേകം ഫണ്ട് ഇതിനായി വിനിയോഗിക്കും. അഞ്ചുദിവസത്തിൽ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണം. ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണം. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തുകയും വേണം. നിശ്ചിത തുക സംഭാവന നൽകാനുള്ള ഓപ്ഷൻ ശമ്പള സോഫ്ട് വെയറിൽ ഉൾപ്പെടുത്തണം. ഇതിൽ മുഴുവൻ ജീവനക്കാരെയും അധ്യാപകരെയും പങ്കാളികളാക്കാൻ സർക്കാർ ശ്രമിക്കണം.
സെറ്റോ സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു .ജനറൽ കൺവീനർ കെ. അബ്ദുൽ മജീദ്, കെ .സി. സുബ്രഹ്മണ്യൻ ,എ.എം. ജാഫർഖാൻ ,എം .എസ് .ഇർഷാദ്, ആർ.അരുൺകുമാർ, സുഭാഷ് ചന്ദ്രൻ ,എസ്. മനോജ്, വി. എം .ഷൈൻ ,ഹരി കുമാർ അരുൺകുമാർ ,അനിൽ. എം. ജോർജ്, ഗ്ലാട്സൺ, അനിൽകുമാർ, ആൽസൺ ,മഹേഷ് എന്നിവർ പങ്കെടുത്തു.