പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് എൻജിഒ യൂണിയൻ നേതാവിൻ്റെ ഭാര്യക്ക് വഴിവിട്ട അന്തർ വകുപ്പ് സ്ഥലമാറ്റത്തിന് ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഓഫീസ് അറ്റൻറ്റൻ്റും എൻജിഒ യൂണിയൻ ശാസ്തമംഗലം ഏരിയ ട്രഷറുമായ മഹേഷ് കെ ജെ യുടെ ഭാര്യയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ക്ലാർക്കുമായ ഗ്രീഷ്മ ജി ആറിനു വേണ്ടിയാണ് സർവ്വീസ് ചട്ടങ്ങളെ നോക്കുകുത്തിയാക്കി അന്തർ വകുപ്പ് സ്ഥലമാറ്റത്തിന് ശ്രമം നടക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിലേക്കാണ് ഗ്രീഷ്മ വകുപ്പ് മാറ്റത്തിന് അപേക്ഷ കെടുത്തിട്ടുള്ളത്.
2018 ൽ ആശ്രിത നിയമനത്തിലൂടെ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗ്രീഷ്മ മൂന്ന് വർഷത്തിന് ശേഷം സ്ഥലമാറ്റം നേടി വകുപ്പിൻ്റെ ആസ്ഥാന കാര്യാലയത്തിൽ എത്തുകയായിരുന്നു. നിലവിൽ മൂന്ന് വർഷത്തിൽ ഏറെയായി ഡയറക്ടറ്റേറ്റിൽ ജോലി ചെയ്യുന്ന ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാ മെഡിക്കൽ സയൻസസ് എന്ന സ്ഥാപനത്തിന്റ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട SCDD/1422/2024-D2 (EDN D) എന്ന ഫയലിൽ ഉണ്ടായ വീഴ്ച കാരണം ടി സെക്ഷനിലെ സൂപ്രണ്ടിനെ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പ് ഡയറക്ടർ സ്ഥലം മാറ്റം ചെയ്യുകയും, തുടർന്ന് ഗ്രീഷ്മയ്ക്ക് വരാനിരിക്കുന്ന അച്ചടക്ക നടപടികളിൽ നിന്നും ഒഴിവാകുന്നതിനും, കൂടാതെ ഉടൻ പ്രതീക്ഷിക്കുന്ന പൊതു സ്ഥലംമാറ്റത്തിൽ സ്ഥാന ചലനം ഉണ്ടാകും എന്നതിനാലുമാണ് അതേ പ്രദേശത്ത് തന്നെയുളള വ്യവസായ വാണിജ്യ വകുപ്പിലേക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നത്.
അതിനായി തിരുവനന്തപുരം ജില്ലാ വ്യവസായ വാണിജ്യ ഓഫീസിൽ ക്ലർക്ക് തസ്തികയിലെ ഒരൊഴിവ് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നു എന്നാണ് ലഭ്യമായ വിവരം.ആശ്രിത നിയമനം ലഭിച്ചവർക്ക് അന്തർ വകുപ്പ് സ്ഥലമാറ്റം അനുവദനിയമല്ലാത്ത സാഹചര്യത്തിലാണ് ഭരണാനുകൂല സംഘടനയുടെ പിൻബലത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദം ചെലുത്തി ഉത്തരവ് സമ്പാദിക്കാൻ നീക്കം നടത്തുന്നത്. എൻജിഒ യൂണിയൻ ശാസ്തമംഗലം ഏരിയ കമ്മറ്റിയിലെ പ്രമുഖ സ്ഥാനത്ത് ഇരുന്ന് കൊണ്ട് മഹേഷ് കെ ജെ രണ്ട് വകുപ്പുകളിലെയും നേതൃസ്ഥാനത്ത് ഉള്ളവരെ സമ്മർദ്ദത്തിൽപെടുത്തി ഭാര്യക്ക് മികച്ച ലാവണം തരപ്പെടുത്തി കൊടുക്കാൻ ഉള്ള ശ്രമത്തിനെതിരെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കിടയിൽ കനത്ത പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്.