സ്കൂളിലെ കിണറ്റില്‍ വീണ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിലെ സ്കൂളിലെ കിണറ്റില്‍ വീണ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂളില്‍ എഇഒ പരിശോധന നടത്തി.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉദ്യോഗസ്ഥരടക്കം സ്കൂളില്‍ സന്ദർശനം നടത്തുകയും കിണറിന്‍റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.
വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ റിപ്പോർട്ട് തയാറാക്കി ഡിഒയ്ക്കും, ഡിഡിഇയ്ക്കും വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാകുക.
തുരുത്തിക്കര എംടി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. സാരമായ പരിക്കേറ്റ വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നടുവിനുമാണ് പരിക്കുള്ളത്. ഇന്ന് രാവിലെ ഒൻപതരയോടു കൂടിയായിരുന്നു സംഭവം. സഹപാഠികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് വിവരം.