മാന്നാര്‍ കൊലപാതകം ഒന്നാംപ്രതി അനിലിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ നീക്കം
ആലപ്പുഴ: 15 വര്‍ഷംമുമ്പ് കാണാതായ ശ്രീകല വധക്കേസിലെ ഒന്നാംപ്രതിയും ഭര്‍ത്താവുമായ അനിലിനെ ഇസ്രയേലില്‍നിന്ന് എത്തിക്കാന്‍ പൊലീസിന് മുന്നില്‍ നിരവധി കടമ്പകള്‍.ബന്ധുക്കളിലടക്കം സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടങ്ങി. കോടതിയില്‍നിന്ന് വാറണ്ട് വാങ്ങി പാസ്‌പോര്‍ട്ട് നമ്പറും സ്‌പോണ്‍സറുടെ വിലാസവും ശേഖരിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം. നിയമപരമായി നാട്ടിലെത്തിക്കാന്‍ ഏറെ സമയം വേണ്ടിവരും.
സംസ്ഥാന പൊലീസ് മുതല്‍ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റര്‍പോളും വരെ ഉള്‍പ്പെടുന്ന നടപടിക്രമങ്ങളാണ് ഇതില്‍ പ്രധാനം. സര്‍ക്കാര്‍ തല നടപടികളിലൂടെ നാട്ടിലെത്തിക്കാന്‍ ആദ്യം ബ്ലൂ കോര്‍ണര്‍ തെരച്ചില്‍ നോട്ടീസും പിന്നീട് റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിക്കണം.ഇന്റര്‍പോളാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പൊലീസ് തെരച്ചില്‍ സര്‍ക്കുലര്‍ പുറത്തിറക്കണം. പിന്നീട് കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള പൊലീസിന്റെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറും.
ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ ശിപാര്‍ശ നല്‍കേണ്ടത്. ഇത് ഇന്റര്‍പോളിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേകദൗത്യ സമിതി പരിശോധിച്ച ശേഷമാണ് നോട്ടീസ് പുറപ്പെടുവിക്കുക.
വ്യക്തത ഉറപ്പിക്കാന്‍ പ്രതികളെ മണിക്കൂറുകള്‍ ചോദ്യംചെയ്തു
ചെങ്ങന്നൂര്‍: ശ്രീകല വധത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കസ്റ്റഡിയിലുള്ള പ്രതികളെ മണിക്കൂറുകള്‍ ചോദ്യംചെയ്തു. വ്യാഴാഴ്ച മാന്നാര്‍ പൊലീസ് സ്‌റ്റേഷനിലായിരുന്നു ചോദ്യംചെയ്യല്‍.ഒന്നാംപ്രതിയായ കലയുടെ ഭര്‍ത്താവ് അനില്‍കുമാറുമായി രക്തബന്ധമുള്ളവരാണ് കൂട്ടുപ്രതികള്‍. കെട്ടിട നിര്‍മാണകരാറുകാരനായ ജിനു ഗോപി പിതൃസഹോര പുത്രനും സോമരാജന്‍ സഹോദരി ഭര്‍ത്താവുമാണ്. പ്രമോദും മറ്റൊരു പിതൃസഹോദര പുത്രനാണ്. വെള്ളിയാഴ്ച പ്രതികളുമായി പ്രദേശത്ത് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.