നേപ്പാളിൽ വീണ്ടും ഭൂകമ്പം; കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പം. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ്. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു.വെളളിയാഴ്ച രാത്രി 11.30 ഓടെയുണ്ടായ ഭൂചലനത്തിൽ നേപ്പാൾ ഞെട്ടിവിറച്ചപ്പോൾ ഇന്ത്യയും കുലുങ്ങി. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളിലെ ജജാർകോട്ട്, റുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്. ജനസംഖ്യ കുറഞ്ഞ മലയോര ജില്ലകളാണെങ്കിലും രാത്രിയുണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്ന് നിരവധി പേർ കുടുങ്ങിപ്പോയിരുന്നു. തകർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പുറത്ത് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുയാണ്. നേപ്പാൾ സൈന്യവും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.