യുഎസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡിയെന്ന വിദ്യാര്‍ത്ഥിയെയാണ് ഒഹായോയിലെ സിന്‍സിനാറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാമത്തെ സംഭവമാണ്. എന്താണ് മരണ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായിരുന്നു റെഡ്ഡി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അറിയിച്ചു.
'ഓഹിയോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ ദൗര്‍ഭാഗ്യകരമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നു. ഈ ഘട്ടത്തില്‍, ഫൗള്‍ പ്ലേ സംശയിക്കപ്പെടുന്നില്ല. കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും.' ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. വിവേക് സൈനിക്കും നീല്‍ ആചാര്യയ്ക്കും ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൂന്നാമത്തെ മരണമാണിത്. ജനുവരി 30 നാണ് പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ആചാര്യ മരിച്ചതായി ടിപ്പെക്കനോ കൗണ്ടി കൊറോണര്‍ അറിയിച്ചത്.
ജനുവരി 29 ന്, യുഎസിലെ ജോര്‍ജിയയിലെ ലിത്തോണിയയില്‍ ഒരാളുടെ ചുറ്റികൊണ്ടുള്ള ആവര്‍ത്തിച്ചുള്ള അടിയേറ്റ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും സംഭവം നടന്ന തീയതി സ്ഥിരീകരിക്കാനായിട്ടില്ല. സൈനി എന്ന വിദ്യാര്‍ത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിന്റെ വീഡിയോ തെളിവ് വച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും കേസുമായി പരിചയമുള്ള ഒരാള്‍ എഎന്‍ഐയോട് വ്യക്തമാക്കി.