എപിപി അനീഷ്യയുടെ ആത്മഹത്യ
ക്രൈംബ്രാഞ്ച് അന്വഷിക്കും
കൊച്ചി: എപിപി അനീഷ്യയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വഷിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതായി കമ്മീഷണർ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും.സർക്കാരിൽ സ്വാധീനമുള്ള ആളുകളുടെ പിൻബലത്തിലാണ് കുറ്റക്കാർ ഒളിഞ്ഞിരിക്കുന്നതെന്നും വനിതാ എ എ പിയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാരിൻറെ നേതൃത്വത്തിൽ ജോലിയിൽ ഇരിക്കുന്നവരാണെന്നും ലീഗൽ സെൽ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും സംസ്ഥാന സർക്കാർ നൽകരുതെന്നും സുതാര്യമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും ലീഗൽ സെൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.