നിങ്ങള്‍ ജീവന്റെ ചേരിയിലോ മരണത്തിന്റെ ചേരിയിലോ?.
കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ഇന്ന് പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സുരക്ഷിതത്വവും ക്ഷേമവുമല്ല ഒറ്റയായോ കൂട്ടമായോ ഉള്ള മരണം. വിയോജിക്കുന്നവര്‍ക്ക് മരണം ഗാരണ്ടി. വര്‍ഗ്ഗീയ വംശീയ ലഹളകളിലൂടെ ആള്‍ക്കൂട്ടക്കൊലകളിലൂടെ, എതിര്‍ക്കുന്നവരെ കൊലയറയിലേക്കും തുറുങ്കിലേക്കും തള്ളുന്ന രാജ്യദ്രോഹനിയമങ്ങളിലൂടെ, പള്ളികള്‍ പൊളിച്ച് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ, വര്‍ഗ്ഗീയ വംശീയ ഹത്യകളിലൂടെ പൗരന്മാര്‍ക്ക് പരമാവധി മരണം ഉറപ്പാക്കി ഹിന്ദുത്വരാഷ്ട്രീയം. അധികാരത്തിലേറാനും അധികാരം നിലനിര്‍ത്തുവാനും ഉള്ള ഏക ഉപാധി മരണത്തിന്റെയും ഭീതിയുടെയും ഉല്പാദനമെന്ന് അവര്‍ സ്ഥാപിച്ചു. ജനങ്ങളെ ദരിദ്രരാക്കിക്കൊണ്ട്, കോര്‍പ്പറേറ്റവികസന പദ്ധതികള്‍ക്കായി പരിസ്ഥിതിയും പ്രകൃതിയും വന്‍തോതില്‍ നശിപ്പിച്ച്, ആദിവാസികള്‍ക്കും ദളിതര്‍ക്കും കര്‍ഷകര്‍ക്കും, പട്ടിണിയും ആത്മഹത്യയും വിധിച്ച് മരണത്തിന്റെ വിഭിന്ന വഴികള്‍ തുറന്നിട്ടു.. മണിപ്പൂരില്‍ ക്രൂരമായ വംശഹത്യകള്‍ക്ക് താങ്ങും തണലും നല്‍കി. ഇലക്‌റ്റൊറല്‍ ബോണ്ടുകള്‍ വെളിപ്പെട്ടാല്‍ ഭീമമായ അഴിമതിയുടെ കഥകള്‍ പുറത്താകുമെന്ന് കണ്ട് ആദ്യത്തെയും അവസാനത്തെയും തുരുപ്പ് ശീട്ട് ഇന്നവര്‍ പുറത്തെടുക്കുകയാണ്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ ധ്രുവീകരിക്കല്‍. തിരഞ്ഞെടുപ്പിനു മുമ്പേതന്നെ തിരക്കിട്ട് പൗരാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതിന്റെ ഗുഢോദ്ദേശമതാണ്. പൗരാവകാശത്തെ ഹനിക്കുന്ന ഈ നിയമം അഞ്ചുകൊല്ലങ്ങള്‍ക്കുമുമ്പ് പര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍ അതിനെതിരേ അതിശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്നതോര്‍ക്കുക. വധാര്‍ഹരായ അപരരെന്ന് മതന്യൂനപക്ഷങ്ങളെ നിര്‍വ്വചിച്ചാല്‍ മരണല്പാദന ദൗത്യം ജനങ്ങള്‍ തന്നെ ഏറ്റെടുത്തോളും. ചോരയും കൊലയും കൊള്ളിവെപ്പും പുത്തന്‍ വോട്ടുബാങ്കുകളെ ഉല്പാദിപ്പിക്കും. കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ക്ക് കൂടുതല്‍ ഭീകരതയ്ക്ക് അത് ന്യായീകരണമാവും. ന്യൂനപക്ഷങ്ങള്‍ക്കും വിയോജിക്കുന്നവര്‍ക്കും ഈ പൗരത്വനിയമം ഒരു മരണസന്ദേശമാണ്, വധശിക്ഷാവിധിയാണ് .
കേരളത്തിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഫാസിസത്തിന്റെ, മരണരാഷ്ട്രീയത്തിന്റെ മറ്റൊരു ഭീകര രൂപമാണിവിടെ. ഫാസിസത്തെ പ്രതിരോധിക്കാന്‍ ഏറ്റവും ശക്തര്‍ തങ്ങളെന്നവകാശപ്പെടുന്ന ഇടതുകമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ സര്‍ക്കാരുമാണ് ഇന്ന് കേരളത്തില്‍ ജീവന്റെ മുഖ്യശത്രു. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വപ്പാര്‍ട്ടിയും കേരളം ഭരിക്കുന്ന സി.പി എമ്മും മരണോല്പാദനത്തില്‍ ഒറ്റക്കെട്ടാണ്. പ്രപഞ്ചത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള, വിലമതിക്കാനാവാത്ത പ്രിയവസ്തു ജീവനാണ്, ജീവിതമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ പരമപ്രാധാന്യം നല്‍കേണ്ടത് ജീവരക്ഷയ്ക്ക്, ജീവിക്കാനുള്ള അവകാശത്തിനാവണം. വികസനവും, ലോകശക്തിയാകലും, ക്ഷേത്രനിര്‍മ്മാണവും കെ.റെയിലും ഒന്നുമല്ല, ഇന്ന് ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്നത്, ജീവാവകാശസംരക്ഷണമാണ്.
12 കൊല്ലം മുമ്പ്, വടകരയില്‍ വള്ളിക്കാട് രാത്രിയില്‍ ചന്ദ്രശേഖരന്‍ എന്ന വിമത കമ്യൂണിസ്റ്റുകാരന്‍ അമ്പത്തൊന്നു വെട്ടേറ്റു വീഴുമ്പോള്‍ പാര്‍ട്ടിയില്‍ ഒരു മ്യൂട്ടേഷന്‍ സംഭവിക്കുകയായിരുന്നു. പാര്‍ട്ടി ഒരു പരമാധികാരശക്തിയായി രൂപം മാറുന്നു എന്നതിന്റെയും പാര്‍ട്ടിയില്‍ ഒരു പുതിയ പരമാധികാരി പിറന്നിരിക്കുന്നു എന്നതിന്റെയും വിളംബരം ആയിരുന്നു ആ കൊല. ഒരു പുതിയ സി.പി.എമ്മിന്റെ, പുതിയ പരമാധികാരിപ്പട്ടത്തിന്റെ സ്ഥാപക ക്രിയ. ആ അമ്പത്തൊന്നു വെട്ടുകള്‍ കൊത്തിവച്ചത് ഒരു പുതിയ പരമാധികാരിയുടെ കയ്യൊപ്പുള്ള മരണ സന്ദേശമാണ്. അതൊരു അധികാര അട്ടിമറി കൂടിയായിരുന്നു. അച്ചുതാനന്ദ പക്ഷത്തെ അടക്കി ഒതുക്കി പാര്‍ട്ടിയില്‍ പിണറായിയുടെ ആധിപത്യം സ്ഥാപിക്കപ്പെട്ടതും ഈ ഓപ്പറേഷനോടുകൂടിയാണെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി ഒരു വധശിക്ഷാധികാരിയായി മാറുന്നു. ഒരു സമാന്തര ഭരണകൂടം. പരമാധികാരത്തിന്റെ ദൈവോന്മാദമാണ് ഈ നരബലിയിലൂടെ വിനിമയം ചെയ്യപ്പെട്ടത്. അതോടൊപ്പം നയപരമായ അട്ടിമറി കൂടി അവിടെ നടക്കുന്നുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് കോര്‍പറേറ്റ് വികസനരാഷ്ട്രീയത്തിലേക്കുള്ള വഴിമാറ്റം.
കൊലയന്ത്രങ്ങള്‍ പിന്നീട് വിശ്രമിച്ചിട്ടില്ല. പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളായി കൊലയറകളായി. ക്യാമ്പസ്സുകള്‍ യുദ്ധക്കളമായി. മുഖ്യ മന്ത്രി സൂപ്പര്‍പോലീസ്സായി, ക്യാപ്റ്റനായി, രാഷ്ട്രീയം യുദ്ധവും കൊലവിളിയുമായി. അധികാരത്തിന്റെ ഉന്മാദമൂര്‍ഛ നേതാക്കളില്‍ നിന്ന് അണികളിലേക്ക് പകര്‍ന്നു. ഡിവൈഎഫ്.എയും എസ്.എഫ്.ഐയും, സി.ഐ.ടിയു.വും, പാര്‍ട്ടി പരിവാരങ്ങളുമെല്ലാം അക്രമങ്ങളുടെ കുത്തകാവകാശികളായി.
ചന്ദ്രശേഖരന്റെ വധത്തോടുകൂട് ആരംഭിച്ച ഹിംസാവല്‍ക്കരണം ഇന്ന് ക്രൂരതയുടെ പുത്തന്‍ വിതാനങ്ങളിലെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പൂക്കോട്ടെ വെറ്റെറിനെറി കോളേജിലും കൊയിലാണ്ടി കോളേജിലുമുണ്ടായ സംഭവങ്ങള്‍. അന്ന് പാര്‍ട്ടി ഒരു ക്വട്ടേഷന്‍ സംഘത്തെക്കൊണ്ടാണ് കൊലചെയ്യിച്ചതെങ്കില്‍ ഇന്ന് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന തന്നെ കൊലനിര്‍വ്വാഹകരായി മാറിയിരിക്കുന്നു. അതാണ് അക്രമത്തില്‍ വന്ന പുത്തന്‍ മ്യൂട്ടേഷന്‍.
നവകേരളയാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ ചെറുപ്പക്കാരെ മുഖ്യമന്ത്രിയുടെ ഗണ്മാനും സുരക്ഷാ ഉദ്യോഗസ്ഥരും, പോലീസ്സുകാരും, പാര്‍ട്ടി പ്രവര്‍ത്തരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ നാം കണ്ടു. അത് പൊതു സമൂഹത്തിനുള്ള ഒരു താക്കീതു കൂടിയായിരുന്നു. ഇത്രയും ഭീകരമായ മനുഷ്യ ഹത്യകള്‍ക്കു ശേഷവും കേരളത്തിലെ ജനങ്ങള്‍ വിശിഷ്യാ സാംസ്‌ക്കാരികനായകന്മാര്‍ ഈ ഫാസിസ്റ്റ് പ്രസ്ഥാനത്തെ ഭയഭക്തിബഹുമാനത്തോടെ സ്വീകരിക്കുന്നു എന്ന വസ്തുത ജീവിതത്തില്‍ നിന്ന് അവര്‍ എത്രമാത്രം വെട്ടിമാറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ സുചനയാണ്.
പരമാധികാരഭ്രമത്തില്‍ നിന്ന് ജന്യമായ ഉന്മാദമാണ് മുഖ്യമന്ത്രി മുതല്‍ എസ്.എഫ്.ഐക്കാരനും ലോക്കല്‍ നേതാവും വരെയുള്ള പാര്‍ട്ടിക്കാരെ ജനവിരുദ്ധരും ജീവിതവിരുദ്ധരും, ആക്കുന്നത്. പൂക്കോട്ടെ വിദ്യാര്‍ഥിസംഘം കൊലയാളി സംഘമായി മാറിയത് ഈ പരമാധികാരബാധയാലാണ്. ജീവിതത്തെ അപരനില്‍ നിന്നും വെട്ടി മാറ്റുന്ന ആത്മ-പര-ഘാതകരായി അവരെ മാറ്റിയത് കക്ഷിരാഷ്ട്രീയത്തിന്റെ, അധികാരത്തിന്റെ, ഡെലിറിയമാണ്. കേരള സര്‍വ്വകലാശാലയുടെ കലോല്‍സവത്തില്‍ നടത്തിയ അക്രമങ്ങളും ഒരു വിധികര്‍ത്താവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളും ഒരിക്കല്‍ കൂടി എസ്. എഫ്.ഐ.യെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടീയമായ ഈ ഉന്മാദത്തെ തിരിച്ചറിയുകയും ചികില്‍സിക്കുകയും ചെയ്യുക എന്നതാണ് ജീവിതത്തിന്റെ, ഭാവിയുടെ, നീതിയുടെ, പക്ഷത്തുള്ളവര്‍ക്ക് ചെയ്യാനാകുക. അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് അവര്‍ക്കുള്ള ചികില്‍സ. കുറഞ്ഞ ശിക്ഷ.
പൗരന്മാര്‍ക്ക് മരണവും യുദ്ധവും, നാശവും വാഗ്ദാനം ചെയ്യുന്ന മരണരാഷ്ട്രീയത്തിന്റെ ഈ രണ്ടു പൈശാച ധാരകളെ പിന്തള്ളിക്കൊണ്ട് ജീവിതത്തെ, ജീവിക്കാനുള്ള അവകാശത്തെ, തിരഞ്ഞെടുക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി.