For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അരളീ… നീ ഇത്രയ്ക്കും പ്രശ്നക്കാരനാണോ???

04:21 PM May 06, 2024 IST | Staff Reporter
അരളീ… നീ ഇത്രയ്ക്കും പ്രശ്നക്കാരനാണോ
Advertisement

ഗ്രീഷ്മ സെലിൻ ബെന്നി

Advertisement

അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. പോസ്റ്റുമോർട്ടത്തിൽ അരളിയുടെ ഇലയിൽ നിന്നുള്ള വിഷാംശമാണ് മരണകാരണമെന്നാണ് വെറ്റിനറി ഓഫീസറുടെ സ്ഥിരീകരണം. അടുത്തിടെയാണ് യു കെ യാത്ര സ്വപ്നം കണ്ട് പറന്നുയരാൻ കൊതിച്ച സൂര്യയെന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നിറങ്ങൾ ചാലിച്ചെത്തിയ വില്ലനായി അരളി ചെടി മാറിയത്. വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരിയിലേക്ക് പോകും മുൻപ് പ്രിയപ്പെട്ടവരോട് യാത്ര പറയാനായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അറിയാതെ അരളി പൂവിന്റെ ഇലയിൽ ഒന്ന് കടിച്ചു. പിന്നാലെ പൂവും. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യയുടെ ജീവിതത്തിലെ ഇരുണ്ട അധ്യായത്തിന്റെ ഓർമയായി അരളി പൂവ് മാറി.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു നിത്യഹരിത സസ്യമാണ് അരളി. മനോഹരമായ പൂക്കൾ അരളിയുടെ സവിശേഷതയാണ്. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്ന അരളി ചെടികൾ കണ്ടുവരുന്നു. ഉദ്യാനത്തിലെ അലങ്കാര പൂവായി അരളി നിലകൊള്ളുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ പൂജയിൽ ഒഴിച്ചുകൂട്ടാൻ ആവാത്ത ഒന്നായി ഉപയോഗിക്കപ്പെടുന്നു.

സവിശേഷതകൾ

ഏകദേശം മൂന്ന് മീറ്റർ ഉയരത്തിൽ അരളിച്ചെടി വളരുന്നു. ചാര നിറത്തിലുള്ള തൊലിയാണ് അരളിക്ക്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. അഞ്ച് ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാ ഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌.

ഔഷധമൂല്യം

ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ് രംഗസ്വാമി, ടിഎസ് ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്; അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു.

വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു. തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.

പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്‌. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പത്തു വര്‍ഷം മുന്‍പു തന്നെ നിവേദ്യപൂജയില്‍നിന്ന് അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു. അരളിയുടെ പൂവിലും ഇലയിലും അടങ്ങിയിരിക്കുന്ന വിഷാംശം മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അരളി പൂവ് നിവേദ്യ പൂജകള്‍ക്ക് ഉപയോഗിക്കുന്നില്ല.

Tags :

Staff Reporter

View all posts

Advertisement

.